മക്ക : ത്വവാഫ് കര്‍മം പൂര്‍ത്തിയാക്കിയ ശേഷമുള്ള രണ്ടു റഖഅത്ത് സുന്നത്ത് നമസ്കാരം നിര്‍വഹിക്കുന്നത് ഹറമിന്റെ അടിയിലെ നിലയിലേക്ക് മാറ്റാന്‍ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന് അല്‍സുദൈസ് നിര്‍ദേശം നല്കി. തീര്‍ഥാടകര്‍ക്കിടയില്‍ സാമൂഹിക അകലം ഉറപ്പു വരുത്താനാണിത്. ഉംറ പുനരാരംഭിച്ച മൂന്നാം ഘട്ടത്തില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. മതാഫിലെ മുഴുവന്‍ ട്രാക്കുകളും ത്വവാഫ് നിര്‍വഹിക്കുന്നവര്‍ക്കു വേണ്ടി മാത്രമായി നീക്കിവെക്കാനാണ് സുന്നത്ത് നമസ്കാരം ഹറമിന്റെ അടിയിലെ നിലയിലേക്ക് മാറ്റുന്നത്.
വിദേശ ഉംറ തീര്‍ഥാടകരുടെ മൂന്നാമത്തെ ബാച്ച് പുണ്യഭൂമിയിലെത്തിയിട്ടുണ്ട്. ഹജ്, ഉംറ മന്ത്രാലയവും ജവാസാത്തും മറ്റു ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ന്ന് തീര്‍ഥാടകരെ ജിദ്ദ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. ഞായറാഴ്ച രാത്രിയാണ് മൂന്നാമത്തെ ബാച്ച് ജിദ്ദാ എയര്‍പോര്‍ട്ട് വഴി മക്കയിലെത്തിയത്. മൂന്നാമത്തെ ബാച്ചില്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള തീര്‍ഥാടകരാണുള്ളത്. മക്കയിലെ ഹോട്ടലുകളില്‍ മൂന്നു ദിവസം ഐസൊലേഷന്‍ പാലിച്ച ശേഷമാണ് ഇവര്‍ക്ക് തീര്‍ഥാടന കര്‍മം നിര്‍വഹിക്കാന്‍ ക്രമീകരണമേര്‍പ്പെടുത്തുക.
മാസങ്ങളുടെ ഇടവേളക്കു ശേഷം വിദേശ തീര്‍ഥാടകരെ വീണ്ടും സ്വീകരിച്ചു തുടങ്ങിയ ആദ്യ ദിവസമായ ഈ മാസം ഒന്നിന് പാക്കിസ്ഥാനില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമുള്ള തീര്‍ഥാടകര്‍ ജിദ്ദാ എയര്‍പോര്‍ട്ട് വഴി എത്തിയിരുന്നു. രണ്ടു ദിവസത്തിനു ശേഷം എത്തിയ രണ്ടാമത്തെ ബാച്ചില്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള തീര്‍ഥാടകരാണുണ്ടായിരുന്നത്.
ആദ്യ ബാച്ചിലെത്തിയ തീര്‍ഥാടകര്‍ മസ്ജിദുന്നബവി സിയാറത്തിന് മദീനയിലെത്തിയിട്ടുണ്ട്. ഉംറ പൂര്‍ത്തിയാക്കി ബസ് മാര്‍ഗം മദീനയിലെത്തിയ തീര്‍ഥാടകരെ ഹജ്, ഉംറ മന്ത്രാലയത്തില്‍ സിയാറത്ത് കാര്യ വിഭാഗം മേധാവി റാകാന്‍ അല്സുബാഇയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
തീര്‍ഥാടകരും വിശ്വാസികളും കൊറോണ വ്യാപനം തടയുന്ന മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതായി ഹറംകാര്യ വകുപ്പിനു കീഴില്‍ പ്രത്യേക കമ്മിറ്റി മേധാവി ബന്ദര്‍ ഖോജ് പറഞ്ഞു. വിശുദ്ധ ഹറമിനകത്തും മുറ്റങ്ങളിലും അംഗശുദ്ധി വരുത്തുന്നതിനുള്ള സ്ഥലങ്ങളിലും മറ്റും മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ലംഘിക്കുന്നത് നിരീക്ഷിച്ച് കണ്ടെത്തി അപ്പപ്പോള്‍ പരിഹരിക്കുന്നതിന് 50 ജീവനക്കാര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ഷിഫ്റ്റുകളായി ഇവര്‍ 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്നതായും ബന്ദര്‍ ഖോജ് പറഞ്ഞു