Sunday, June 20, 2021
Home Gulf സ്വര്‍ണം കടത്താന്‍ ശ്രമം; രണ്ട് പേര്‍ റിയാദ് വിമാനത്താവളത്തില്‍ പിടിയില്‍

സ്വര്‍ണം കടത്താന്‍ ശ്രമം; രണ്ട് പേര്‍ റിയാദ് വിമാനത്താവളത്തില്‍ പിടിയില്‍

റിയാദ് :കിംഗ് ഖാലിദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് വഴി സ്വര്‍ണം കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി. യെമനികളായ രണ്ടു യാത്രക്കാര്‍ ചേര്‍ന്ന് 4.6 കിലോ സ്വര്‍ണാഭരണങ്ങളാണ് കടത്താന്‍ ശ്രമിച്ചത്. ഇരുവരുടെയും വസ്ത്രങ്ങള്‍ക്കു താഴെ കാലുകളില്‍ കെട്ടിവെച്ച നിലയിലാണ് ആഭരണ ശേഖരം കണ്ടെത്തിയത്. ദേശീയ സുരക്ഷാ ഏജന്‍സിയുമായി സഹകരിച്ചാണ് സ്വര്‍ണക്കടത്ത് ശ്രമങ്ങള്‍ റിയാദ് എയര്‍പോര്‍ട്ട് കസ്റ്റംസ് പരാജയപ്പെടുത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സ്വര്‍ണക്കടത്ത് പിടികൂടുന്നത്. എയര്‍പോര്‍ട്ടിലെത്തിയ രണ്ടു യാത്രക്കാരുടെയും ബാഗുകള്‍ കസ്റ്റംസ് വിശദമായി പരിശോധിച്ചു. ഇതിനു ശേഷം പ്രത്യേക മുറിയില്‍ നടത്തിയ ദേഹപരിശോധനയിലാണ് ആഭരണ ശേഖരങ്ങള്‍ കണ്ടെത്തിയത്. ആഭരണങ്ങള്‍ കടത്താന്‍ ശ്രമിച്ച യാത്രക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിന്റെയും സ്വര്‍ണ ശേഖരം കണ്ടെത്തുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി കസ്റ്റംസ് പുറത്തുവിട്ടു. സൗദി അറേബ്യയില്‍ നിന്ന് പുറത്തു പോകുന്നവരും വിദേശങ്ങല്‍ നിന്ന് രാജ്യത്തേക്ക് വരുന്നവരും പണവും സ്വര്‍ണവും ട്രാവലേഴ്സ് ചെക്കുകളും ഉള്‍പ്പെടെ 60,000 റിയാലില്‍ കൂടുതലുള്ള തുകയെ കുറിച്ച് പ്രത്യേക ഫോറത്തിലൂടെ കസ്റ്റംസിനു മുന്നില്‍ മുന്‍കൂട്ടി വെളിപ്പെടുത്തണമെന്ന് പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം അനുശാസിക്കുന്നുണ്ട്.

Most Popular