Thursday, September 16, 2021
Home Gulf ടെലികോം കമ്പനികളില്‍ സൗദിവല്‍ക്കരണം 88 ശതമാനം ഉയര്‍ന്നു

ടെലികോം കമ്പനികളില്‍ സൗദിവല്‍ക്കരണം 88 ശതമാനം ഉയര്‍ന്നു

റിയാദ് : സൗദിയില്‍ പ്രവര്‍ത്തിക്കുന്ന ടെലികോം കമ്പനികളില്‍ സൗദിവല്‍ക്കരണം 88 ശതമാനമായി ഉയര്‍ന്നതായി ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷന്‍ അറിയിച്ചു. ടെലികോം കമ്പനികളില്‍ സൗദിവല്‍ക്കരണം ഉയര്‍ത്താനും ഉന്നത തസ്തികകള്‍ പൂര്‍ണമായി സ്വദേശിവല്‍ക്കരിക്കാനും ആവശ്യപ്പെടുന്ന തീരുമാനങ്ങള്‍ സി.ഐ.ടി.സി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടെലികോം കമ്പനികളില്‍ സി.ഇ.ഒ തസ്തികകള്‍ പൂര്‍ണമായും സൗദിവല്‍ക്കരിച്ചിട്ടുണ്ട്. ഒന്നാം ലെവലിലുള്ള സൂപ്പര്‍വൈസറി തസ്തികളില്‍ സൗദിവല്‍ക്കരണം 75 ശതമാനമായും രണ്ടാം ലെവലിലുള്ള സൂപ്പര്‍വൈസറി തസ്തികകളില്‍ സ്വദേശിവല്‍ക്കരണം 80 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്.
ടെലികോം കമ്പനികളില്‍ മൊത്തത്തിലുള്ള സൗദിവല്‍ക്കരണ അനുപാതം 88 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ടെലികോം മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കാനും യോഗ്യരായ സ്വദേശികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായാണ് സൗദിവല്‍ക്കരണം ഉയര്‍ത്താന്‍ ടെലികോം കമ്പനികളെ നിര്‍ബന്ധിക്കുന്ന തീരുമാനങ്ങള്‍ സി.ഐ.ടി.സി പ്രഖ്യാപിച്ചത്.
ടെലികോം മേഖലയില്‍ സൗദിവല്‍ക്കരണ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് ‘ഫ്യൂച്ചര്‍ സ്‌കില്‍സ്’ ഇനീഷ്യേറ്റീവ് എന്ന പേരില്‍ പുതിയ പദ്ധതി കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം അടുത്തിടെ ആരംഭിച്ചിരുന്നു. കൊറോണ മഹാമാരിക്കിടെയും വലിയ നേട്ടം കൈവരിക്കാന്‍ പദ്ധതിയിലൂടെ സാധിച്ചു.
പദ്ധതി വഴി 25,000 ത്തിലേറെ സ്വദേശി യുവതീയുവാക്കള്‍ക്ക് മികച്ച തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കുകയും 5,000 ലേറെ യുവതീയുവാക്കള്‍ക്ക് ടെലികോം, ഐ.ടി മേഖലയില്‍ തൊഴില്‍ ലഭ്യമാക്കുകയും ചെയ്തു. സര്‍ക്കാര്‍ വകുപ്പുകളുമായും മുന്‍നിര കമ്പനികളുമായും സംരംഭകരുമായും സഹകരിച്ച്, ടെലികോം, ഐ.ടി മേഖലയില്‍ തൊഴില്‍ വിപണിയുടെ ആവശ്യവും തൊഴില്‍ പരിശീലന കോഴ്സുകള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവരുടെ യോഗ്യതകളും തമ്മിലെ വിടവ് നികത്തുന്നതിനുള്ള സുസ്ഥിര മാതൃക സൃഷ്ടിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ടെലികോം, ഐ.ടി മേഖലാ തൊഴിലുകള്‍ സൗദിവല്‍ക്കരിക്കാനുള്ള തീരുമാനം കഴിഞ്ഞ ഒക്ടോബറില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് അല്‍റാജ്ഹി പുറപ്പെടുവിച്ചിരുന്നു.
ടെലികോം, ഐ.ടി മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും കമ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും മാനവശേഷി വികസന നിധിയും ടെലികോം, ഐ.ടി നാഷണല്‍ കമ്മിറ്റിയും സൗദി കണ്‍സില്‍ ഓഫ് ചേംബേഴ്സും നേരത്തെ ഒപ്പുവെച്ച കരാറിന്റെ തുടര്‍ച്ചയെന്നോണമാണ് ടെലികോം, ഐ.ടി മേഖലാ തൊഴിലുകള്‍ സൗദിവല്‍ക്കരിക്കാനുള്ള തീരുമാനം മാനവശേഷി, സാമൂഹിക വികസന മന്ത്രി പ്രഖ്യാപിച്ചത്.

Most Popular