ദോഹ: ഖത്തറിലെ സ്കൂളുകളിൽ കോവിഡുമായി ബന്ധപ്പെട്ട് സമ്പൂർണ സുരക്ഷ ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം ഇമ്യൂണൈസേഷൻ വിഭാഗം മേധാവി ഡോ. സോഹ അൽ ബയാത് അറിയിച്ചു. കോവിഡ് രോഗലക്ഷണം കാണിക്കുന്ന കുട്ടികൾക്കായി സ്കൂളികളിൽ പ്രത്യേക ഐസലേഷൻ റൂമുകൾ തയ്യാറാക്കും.
രോഗലക്ഷണമുള്ളവരെ തിരിച്ചറിയാൻ രാജ്യത്തെ മുഴുവൻ സ്കൂളുകളിലും പരിശോധന നടത്താൻ സംവിധാനമുണ്ടാക്കിയിട്ടുണ്ട്. എല്ലാ ദിവസവും പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് ഹമദ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ആവശ്യമായ പരിശോധനകൾ ഏതുവിധത്തിലാണ് നടക്കേണ്ടത് എന്നതിനെ കുറിച്ച് പ്രത്യേക പരിശീലനം നൽകിയ മെഡിക്കൽ ടീമിനെ തന്നെ സർക്കാർ ഓരോ സ്കൂളുകളിലും നിയോഗിച്ചിട്ടുണ്ട്.
കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടനെ അവരെ ഐസലേഷൻ റൂമുകളിലേക്ക് മാറ്റുകയും പിന്നീട് തുടർ ചികിത്സക്കായി ആശുപത്രികളിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്ന രീതിയാണ് നിലവിൽ ഏർപ്പാടാക്കിയിരിക്കുന്നതെന്നും ഡോ. സോഹ അൽ ബയാത്ത് പറഞ്ഞു.