Sunday, April 11, 2021
Home Gulf വിദേശത്തു കുടുങ്ങിയ ആരോഗ്യപ്രവർത്തകരെ കുവൈത്തിലെത്തിക്കാൻ നടപടി ആരംഭിച്ചു

വിദേശത്തു കുടുങ്ങിയ ആരോഗ്യപ്രവർത്തകരെ കുവൈത്തിലെത്തിക്കാൻ നടപടി ആരംഭിച്ചു

കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിലെ യാത്രാവിലക്ക് കാരണം വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആരോഗ്യപ്രവർത്തകരുടെ പട്ടിക ആരോഗ്യമന്ത്രാലയം മന്ത്രിസഭയ്ക്കും വിദേശമന്ത്രാലയത്തിനും കൈമാറി. അവരെ എത്രയും പെട്ടെന്ന് കുവൈത്തിൽ തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നതിനാണിത്. നിലവിൽ പൊതുമേഖലയിൽ പ്രവർത്തിക്കുന്നവരുടെ പട്ടികയാണ് കൈമാറിയിട്ടുള്ളത്.

300 മുതൽ 500 വരെ പേരുകളാണ് പട്ടികയിലുള്ളതെന്നാണ് സൂചന. വിദേശമന്ത്രാലയവും വ്യോമയാനവകുപ്പും സഹകരിച്ചാണ് ഇവർക്ക് യാത്രാ സൗകര്യം ഒരുക്കേണ്ടത്. കോവിഡ് പ്രതിരോധ നടപടികളിൽ ഇളവുകൾ തുടരുന്നുണ്ടൈങ്കിലും ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള വിമാനസർവീസ് പുനരാരംഭിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ ഡോക്ടർമാരുൾപ്പെടെയുള്ള നിരവധി ആരോഗ്യപ്രവർത്തകർ കുവൈത്തിൽ തിരിച്ചെത്താൻ കഴിയാത്ത അവസ്ഥയിലാണ്. ആരോഗ്യമേഖലയിൽ പരമാവധി ആളുകളുടെ സേവനം അനിവാര്യമായ സാഹചര്യമായതിനാലാണ് ആരോഗ്യപ്രവർത്തകരെ കുവൈത്തിൽ പെട്ടെന്ന് തിരിച്ചെത്തിക്കുന്നതിനെക്കുറിച്ച് മന്ത്രാലയം ആലോചിക്കുന്നത്.

അതേസമയം, സൗദി അറേബ്യയിൽനിന്നുള്ള അധ്യാപകർക്ക് കുവൈത്തിൽ പ്രവേശിക്കാനുള്ള നടപടികളിലും ലഘൂകരണം വേണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വിദേശമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. സൗദിയിൽ നിന്നുള്ള 429 അധ്യാപകരുടെ സേവനം അടിയന്തരമായി ആവശ്യമുണ്ടെന്നും വിദ്യാഭ്യാസമന്ത്രാലയം അണ്ടർസെക്രട്ടറി ഫൈസൽ അൽ മഖ്‌സിദ് വിദേശകാര്യ സഹമന്ത്രിക്കു കത്തുനൽകി. എത്രയും പെട്ടെന്ന് രാജ്യത്തെത്തിക്കേണ്ട സൗദി അധ്യാപകരുടെ പട്ടികയും കൈമാറിയിട്ടുണ്ട്.

Most Popular