അബൂദബി: വാഹനവുമായി റോഡിലിറങ്ങിയാല്‍ ഡ്രൈവിങില്‍ ശ്രദ്ധിക്കാതെ മൊബൈലില്‍ മുഴുകുന്നവര്‍ക്ക് അബൂദബി പോലീസിന്റെ കര്‍ശന മുന്നറിയിപ്പ്. ഡ്രൈവിങ്ങിനിടെ മറ്റ് ഇടപാടുകളില്‍ ഏര്‍പ്പെട്ടതിന് കഴിഞ്ഞവര്‍ഷം പിഴകിട്ടിയത് മുപ്പതിനായിരത്തിലേറെ പേര്‍ക്കാണ്. 800 ദിര്‍ഹമാണ് പിഴ.
ചിലര്‍ ഡ്രൈവിങ് തുടങ്ങിയാല്‍ സ്ഥിരമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് പതിവാണ്. ഡ്രൈവര്‍ സോഷ്യല്‍ മീഡിയയില്‍ മുഴുകുമ്പോള്‍ വണ്ടി വഴിതെറ്റും. ചിലര്‍ക്ക് വാഹനമോടിക്കുമ്പോഴാണ് ചായ കുടിക്കാന്‍ തോന്നുക. ഒരു കൈയില്‍ ചായ, മറുകൈയില്‍ മൊബൈല്‍. വണ്ടി കൈവിട്ട് പോയില്ലെങ്കിലല്ലേ അല്‍ഭുതമുള്ളു. ഡ്രൈവിങ്ങില്‍ നിന്ന് ശ്രദ്ധതിരിക്കുന്ന ഇത്തരം പല പ്രവണതകളും ഡ്രൈവര്മാര്ക്കിടിയിലുണ്ടെന്ന് അബൂദബി പോലീസ് പറയുന്നു. ഡ്രൈവ് ചെയ്യുമ്പോള്‍ മേക്കപ്പിടുന്നവരും ഒരുങ്ങുന്നവരുമൊക്കെ ഉണ്ട്.
കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ കൈവിട്ട ഡ്രൈവിങ് നടത്തിയ 30,600 നിയമലംഘനങ്ങളാണ് പൊലീസ് കണ്ടെത്തിയത്. ഇത്തരം പ്രവണതക്കെതിരെ റോഡില്‍ തന്നെ പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരം ഡ്രൈവര്‍മാര്‍ക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ലഭിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കുന്നു.