Saturday, July 24, 2021
Home Gulf മരിച്ചെന്നു കരുതി കുടുംബം ശേഷക്രിയകള്‍ നടത്തി; പത്ത് വര്‍ഷത്തിനുശേഷം സെല്‍വരാജ് നാട്ടിലേക്ക്

മരിച്ചെന്നു കരുതി കുടുംബം ശേഷക്രിയകള്‍ നടത്തി; പത്ത് വര്‍ഷത്തിനുശേഷം സെല്‍വരാജ് നാട്ടിലേക്ക്

റിയാദ്: ഡ്രൈവറായ സെല്‍വരാജ് അപകടത്തില്‍ മരിച്ചെന്നാണ് ഭാര്യയും ഏകമകളും വിശ്വസിക്കുന്നത്. പത്ത് വര്‍ഷം മുമ്പാണ് തിരുനെല്‍വേലി സ്വദേശിയായ സെല്‍വരാജ് സൗദിയിലെത്തുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ചെയ്യാത്ത കുറ്റത്തിന് ജയിലിലായതോടെ കുടുംബവുമായുള്ള ബന്ധം നിലച്ചു. ഇതോടെ അപകടമരണം സംഭവിച്ചെന്നു കരുതിയ കുടുംബാംഗങ്ങള്‍ ഇദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തുകയായിരുന്നു. തമിഴ്നാട് തിരുനെല്‍വേലി മഹാരാജ നഗര്‍ രാജഗോപാലപുരം രംഗനാഥന്റെ മകന്‍ സെല്‍വരാജ് (58) അങ്ങനെ ‘പരേതനാ’യി. എന്നാല്‍ പത്ത് വര്‍ഷത്തെ ദുരിതങ്ങള്‍ക്കൊടുവില്‍ സെല്‍വരാജ് ഇന്നലെ റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ ഇന്ത്യയിലേക്ക് മടങ്ങി.

ഏറെ സന്തോഷം നിറഞ്ഞതായിരുന്നു സെല്‍വരാജിന്റെ ജീവിതം. 20 വര്‍ഷം അല്‍വത്വനിയ കമ്പനിയില്‍ ജോലി ചെയ്ത ശേഷം ഫൈനല്‍ എക്സിറ്റില്‍ നാട്ടില്‍ പോയ അദ്ദേഹം 2010ല്‍ ഹെവി ഡ്രൈവര്‍ വിസയില്‍ പുതിയ തൊഴിലുടമയുടെ കീഴില്‍ വീണ്ടും സൗദിയിലെത്തി. മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ജീവിതം കീഴ്‌മേല്‍ മറിയുന്നത്. ദമ്മാം പോര്‍ട്ടില്‍ നിന്ന് അറാറിലെ അരാംകോ പ്രോജക്ടിലേക്കുള്ള യന്ത്രസാമഗ്രികളുമായി ട്രക്കില്‍ പുറപ്പെട്ടതാണ്. ഇതിനിടെ പെട്രോള്‍ പമ്പില്‍ കയറി. അപരിചിതനായ ഒരാളോട് അറബിയിലെഴുതിയ വിലാസം കാണിച്ച് ഡെലിവറി ചെയ്യേണ്ട സ്ഥലത്തേക്കുള്ള വഴി അന്വേഷിച്ചു. അയാള്‍ പറഞ്ഞ വഴി തമിഴില്‍ എഴുതി എടുക്കുകയും ചെയ്തു. ചായകുടിച്ചു പുറത്തിറങ്ങിയപ്പോഴേക്കും പൊലീസ് സംഘം സെല്‍വരാജിനെ വളഞ്ഞ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. അന്വേഷണങ്ങളുടെ ഭാഗമായി സെല്‍വരാജിനെ കസ്റ്റഡിയിലെടുത്ത് തടവിലാക്കുകയും ചെയ്തു.

വഴി പറഞ്ഞുകൊടുത്തയാള്‍ ബഹ്റൈനില്‍ നിന്ന് റഫ്രിജറേറ്റഡ് ട്രക്കുകളില്‍ പ്രത്യേക അറകളുണ്ടാക്കി വന്‍തോതില്‍ മദ്യവും മയക്കുമരുന്നും കടത്തി വിതരണം ചെയ്തിരുന്ന സംഘത്തിലെ കണ്ണിയാണ്. രഹസ്യാന്വേഷണ വിഭാഗം ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു. സെല്‍വരാജിനും ഇതില്‍ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ ഏകാന്ത തടവിലായി. വിചാരണയുടെ ആദ്യ ദിവസം തന്നെ സെല്‍വരാജ് നിരപരാധിയാണെന്ന് കോടതിക്ക് ബോധ്യമായി. വിചാരണ തുടങ്ങി 21ാം ദിവസം കുറ്റവിമുക്തനാക്കി. ജയില്‍ വാസവും നിയമനടപടികളും നീണ്ടതോടെ കുടുംബവുമായുളള ബന്ധം ഇല്ലാതായി. ജയില്‍വാസം ഇദ്ദേഹത്തെ മാനസികമായി തളര്‍ത്തി. കുടുംബവുമായുളള ബന്ധം പൂര്‍ണമായും ഇല്ലാതായി. ഇതിനിടെ ആകസ്മികമായി തിരുനെല്‍വേലിയിലുളള സുഹൃത്തിനെ ദമ്മാമില്‍ കണ്ടുമുട്ടി. അയാളാണ് കുടുംബം ശേഷക്രിയകള്‍ നടത്തിയ വിവരം അറിയിച്ചത്. സുഹൃത്തിന്റെ ഭാര്യയെ സെല്‍വരാജിന്റെ വീട്ടിലേക്ക് അയച്ചു. അവരുടെ ഫോണിലൂടെ ഭാര്യയുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സെല്‍വരാജിന്റെ ശബ്ദം കേട്ട ഭാര്യ ബോധരഹിതയായി വീണു. പിന്നീട് പലതവണ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാന്‍ ഇവര്‍ സന്നദ്ധമായില്ല.

ഇതിനിടെ യന്ത്രസാമഗ്രികള്‍ കയറ്റി അയച്ച കസ്റ്റംസ് ക്ലിയറന്‍സ് ഏജന്‍സി അറാറിലേക്കു കൊണ്ടുപോയ സാധനങ്ങള്‍ തട്ടിയെടുത്തു എന്ന പരാതിയും നല്‍കി. കേസന്വേഷിക്കുന്ന ഏജന്‍സി സെല്‍വരാജിന്റെ സ്പോണ്‍സറുമായി ബന്ധപ്പെട്ടെങ്കിലും മയക്കുമരുന്ന് കേസില്‍ പ്രതിയാണെന്നറിഞ്ഞതോടെ ഇയാള്‍ കയ്യൊഴിഞ്ഞു. കൂടാതെ യന്ത്രസാമഗ്രികളുടെ ഉടമകള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്പോണ്‍സര്‍ക്കെതിരെയും പരാതി നല്‍കിയിരുന്നു. ഇതോടെ സെല്‍വരാജിനെ ഹുറൂബിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി. 13 മില്യണ്‍ റിയാലിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ്. ഇത് നാട്ടിലേക്ക് മടങ്ങാന്‍ തടസ്സമായി. അല്‍ ജൗഫിലുള്ള സ്പോണ്‍സറെ പലതവണ കാണാന്‍ ശ്രമിച്ചെങ്കിലും സഹകരിച്ചില്ല. റിയാദില്‍ നിന്ന് ആയിരം കിലോ മീറ്റര്‍ അകലെയുളള അല്‍ ജൗഫില്‍ നിന്ന് 18 തവണ എംബസിയിലെത്തി. ആറ് വര്‍ഷം മുമ്പ് പൊതുമാപ്പ് പ്രഖ്യാപിച്ച വേളയിലും നാട്ടിലേക്ക് മടങ്ങാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഹുറൂബും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ കേസുമാണ് തടസ്സമായത്. ഇതിനിടെ പല ജോലികളും ചെയ്തു. എട്ട് വര്‍ഷമായി ഇഖാമ ഇല്ല. അല്‍ ജൗഫില്‍ നിന്ന് റിയാദിലേക്കുള്ള യാത്രാവേളകളില്‍ പലതവണ ചെക്‌പോയിന്റുകളില്‍ പിടിയിലായി. അറബിയില്‍ നന്നായി സംസാരിക്കാന്‍ അറിയുന്ന സെല്‍വരാജ് പോലീസ് ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കും. ചെക് പോയിന്റുകള്‍ കടക്കാന്‍ പലപ്പോഴും ദിവസങ്ങളോളം മരുഭൂമി വഴി നടന്നും റിയാദിലെത്തിയിട്ടുണ്ടെന്ന് സെല്‍വരാജ് പറഞ്ഞു.

മലയാളി സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിലാണ് സെല്‍വരാജിന് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങിയത്. ഇദ്ദേഹത്തിനെതിരെയുള്ള കേസ് കണ്ടെത്തി പരാതിക്കാരുമായി ബന്ധപ്പെട്ട് കേസ് പിന്‍വലിപ്പിച്ചു. എട്ട് വര്‍ഷം ഇഖാമ ഇല്ലെങ്കിലും സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടും നോവല്‍ ഗുരുവായൂരും ഇന്ത്യന്‍ എംബസിയിലും ഡിപ്പോര്‍ട്ടേഷന്‍ സെന്ററിലും ബന്ധപ്പെട്ടാണ് ഫൈനല്‍ എക്സിറ്റ് നേടിയത്. വേള്‍ഡ് മലയാളി ഫെഡറേഷനും ലയണ്‍സ് ക്ലബും ചേര്‍ന്ന് ടിക്കറ്റും നല്‍കി. ക്വാറന്റൈനില്‍ കഴിയാനുളള സാമ്പത്തിക സഹായം സലിം മൈനാഗപ്പള്ളി, ഉസ്മാന്‍, റിയാസ് എന്നിവര്‍ സമ്മാനിച്ചു. റിയാദില്‍ 20 ദിവസം കൂടെ താമസിപ്പിച്ച് ആവശ്യമായ സൗകര്യം ചെയ്തത് സഫിയ ട്രാവല്‍സിലെ അനില്‍കുമാറാണ്. കേരളത്തില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി തിരുനെല്‍വേലിയിലെ കുടുംബത്തിലെത്തിയാല്‍ ഭാര്യയും മകളും സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് സെല്‍വരാജ്.

Most Popular