Sunday, July 25, 2021
Home Gulf പത്ത് ദിവസത്തിനകം 15,000 പാസ്‌പോർട്ട് സേവനങ്ങൾ നടത്തിയെന്ന് ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ

പത്ത് ദിവസത്തിനകം 15,000 പാസ്‌പോർട്ട് സേവനങ്ങൾ നടത്തിയെന്ന് ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ

ദുബായ്: പാസ്‌പോർട്ട് സംബന്ധമായ പ്രശ്‌നങ്ങളുള്ള ഇന്ത്യക്കാർ നയതന്ത്ര കാര്യാലയത്തെ സമീപിക്കാൻ മടിക്കേണ്ടതില്ലെന്ന് ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി. പാസ്‌പോർട്ടില്ലാത്തവർക്ക് നയതന്ത്ര കാര്യാലയം എമർജൻസി സർട്ടിഫിക്കറ്റ് നൽകി വരുന്നുണ്ട്. പാസ്‌പോർട്ട് കോപ്പി ഇല്ലാത്തവർക്ക് ഇന്ത്യക്കാരനാണെന്നു തെളിയിക്കാനുള്ള രേഖ മാത്രം മതിയാകും. അത്തരക്കാർക്ക് എമർജൻസി സർട്ടിഫിക്കറ്റോ പുതിയ പാസ്‌പോർട്ടോ നൽകും.

ഇത്തരത്തിൽ ദിനം പ്രതി 40ഓളം എമർജൻസി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഔട്ട്പാസ് നൽകി വരുന്നു. വിസാ കാലാവധി തീർന്നവർ നാട്ടിലേക്ക് മടങ്ങുകയോ വിസ എക്സ്റ്റൻഡ് ചെയ്യുകയോ വേണം. എന്നാൽ, പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരമാണ് ഇപ്പോഴുള്ളത്. ഇത് എല്ലാ ഇന്ത്യക്കാരും പ്രയോജനപ്പെടുത്തണം.

പാസ്‌പോർട്ട് കാലാവധി കഴിഞ്ഞവർക്ക് അതും വേഗത്തിൽ പുതുക്കിക്കൊടുക്കാനുള്ള നിർദേശം സേവന ഏജൻസിക്ക് നൽകിയിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും. കഴിഞ്ഞ പത്ത് ദിവസത്തിനകം 15,000 ഓളം പാസ്‌പോർട്ട് സേവനങ്ങൾ കോൺസുലേറ്റിനു കീഴിൽ നടന്നിട്ടുണ്ട്. ദിനംപ്രതി ആയിരം സേവനങ്ങൾ നടത്തുന്നു. അടുത്ത രണ്ട് മാസം പ്രത്യേകമായ സേവനം ഉണ്ടായിരിക്കും. അവധി ദിവസങ്ങളിലും പ്രവർത്തിക്കും. രേഖയില്ലാതെ ഒരു ഇന്ത്യക്കാരനും യുഎഇയിൽ ഉണ്ടാകരുതെന്നാണ് ആഗ്രഹം. എമർജൻസി സർട്ടിഫിക്കറ്റിൽ നാട്ടിലേക്ക് മടങ്ങുന്നവർക്കു യാതൊരു പ്രയാസവും ഉണ്ടാകില്ല. നാട്ടിലെത്തി പുതിയ പാസ്പോർട്ടിന് അപേക്ഷിക്കാം.

ഇന്ത്യയിലേക്ക് മടങ്ങുന്നവർക്കു കോവിഡ് പരിശോധന നിർബന്ധമല്ല. എന്നാൽ പരിശോധന നടത്തുന്നതാണ് ഉചിതം. കോവിഡ് ഇല്ല എന്ന സാക്ഷ്യപത്രവുമായി പോകുന്നവർക്ക് ഇൻസ്റ്റിറ്റിയഷനൽ ക്വാറന്റൈൻ ആവശ്യം വരില്ല. നാട്ടിൽ കോവിഡ് വ്യാപിക്കാതിരിക്കാൻ എവിടെയും പരിശോധന നല്ലതാണ്. യുഎഇയിൽ ചില വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനയുണ്ട്. എല്ലാ എമിറേറ്റുകളിലും സൗജന്യമായി കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ തുറക്കാൻ ചില എയർലൈനുകൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Most Popular