കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വാക്സിൻ സജ്ജമായതിനു ശേഷമേ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂർണമായും പ്രവർത്തന സജ്ജമാക്കുകയുള്ളൂവെന്ന് ഡിജിസിഎ. എയർപോർട്ട് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലിഹ് അൽ ഫദാഗിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കൂടാതെ, വാണിജ്യ വിമാനങ്ങളിലെ സാങ്കേതിക അംഗങ്ങളെ 14 ദിവസത്തെ ഹോം ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കുന്നതിനും വിമാനത്തിലെ മറ്റ് അംഗങ്ങൾക്ക് പ്രത്യേക കോവിഡ് പരിശോധന നടത്തുന്നതിനും സമിതി നിർദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വാണിജ്യവിമാന സർവീസ് പുനരാരംഭിക്കുന്നതിന്റ ഭാഗമായി പ്രവർത്തിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയ നിർദേശങ്ങൾ അനുസരിച്ച് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണതോതിൽ ആരംഭിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ പരിഗണിക്കുന്നത്.
അതേസമയം, കൊറോണ വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ കൂടുതൽ ആരോഗ്യ കേന്ദ്രങ്ങൾ ആരോഗ്യ മന്ത്രി ഡോ. ബാസിൽ അൽ സബാഹ് ഉദ്ഘാടനം ചെയ്തു. ജനവാസ കേന്ദ്രമായ സബാഹ് അൽ അഹ്മദ് പ്രദേശത്തു പുതിയ കേന്ദ്രം ഇന്ന് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു.