Friday, August 6, 2021
Home Gulf 'തന്‍വീന്‍ ക്രിയേറ്റിവിറ്റി' സീസണിന്റെ മൂന്നാം പതിപ്പ് ഈ മാസം 28ന്

‘തന്‍വീന്‍ ക്രിയേറ്റിവിറ്റി’ സീസണിന്റെ മൂന്നാം പതിപ്പ് ഈ മാസം 28ന്

അല്‍ഖോബാര്‍: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനങ്ങളെ കര്‍മോത്സുകരാക്കുക എന്ന ലക്ഷ്യത്തോടെ കിങ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ (ഇത്‌റ) സംഘടിപ്പിക്കുന്ന ‘തന്‍വീന്‍ ക്രിയേറ്റിവിറ്റി’ സീസണിന്റെ മൂന്നാം പതിപ്പ് ഈ മാസം 28ന് തുടങ്ങും. നാല് ദിവസം നീളുന്ന പരിപാടിയില്‍ രാജ്യതലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള നിരവധി വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. രാജ്യത്തെ യുവാക്കളെ ഉയര്‍ത്തിക്കൊണ്ടുവരുകയെന്നതും പ്രധാന ലക്ഷ്യമാണ്. അതോടൊപ്പം പ്രാദേശികമായി വ്യത്യസ്തമായ കഴിവുള്ളവരെ ലോകതലത്തില്‍ ശ്രദ്ധേയരായ മികവുറ്റ വ്യക്തിത്വങ്ങളുമായി ചേര്‍ന്നിരിക്കാനും പരസ്പരം ആശയങ്ങള്‍ കൈമാറാനും ‘തന്‍വീന്‍’ വേദിയാകും. ജോലിരംഗത്ത് സ്വീകരിക്കേണ്ട രീതികളും വ്യവസായികരംഗത്തെ പുതിയ വികാസങ്ങളും അവസരങ്ങളും ഇതിലൂടെ രാജ്യത്തെ യുവാക്കള്‍ക്ക് പകര്‍ന്നു നല്‍കും. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയരായ പ്രസംഗകര്‍, വിവിധ രംഗത്തെ മികച്ച വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ സംഗമിക്കുന്ന പ്രത്യേക സംഭാഷണ പരിപാടികള്‍, സെമിനാര്‍, ശില്‍പശാലകള്‍ എന്നിവ അരങ്ങേറും.

വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസരംഗത്ത് മേല്‍നോട്ടം നല്‍കാനും പഠനരംഗത്ത് വ്യത്യസ്തതകള്‍ പരീക്ഷിക്കാനും തന്‍വീന്‍ പ്രേരകമാകുന്ന വിധത്തിലായിരുന്നു കഴിഞ്ഞവര്‍ഷങ്ങളിലെ തന്‍വീന്‍ ക്രിയേറ്റിവിറ്റി സീസണ്‍ പരിപാടി. 53 അന്താരാഷ്ട്ര വ്യക്തിത്വങ്ങള്‍ വിവിധ സെഷനുകളിലായി പങ്കെടുത്തിരുന്നു.
ആദ്യ സീസണില്‍ 64,000ത്തോളം സന്ദര്‍ശകരാണ് പരിപാടിയിലെത്തിയത്.

Most Popular