Friday, September 24, 2021
Home Gulf ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് പരിസമാപ്തി

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് പരിസമാപ്തി

മക്ക: വിശുദ്ധ ഹജ്ജിന്റെ അവസാന ചടങ്ങായ കല്ലേറ് കര്‍മവും പൂര്‍ത്തിയാക്കി ഹാജിമാര്‍ മിനായോട് വിട പറഞ്ഞു. പിന്നീട് വിടവാങ്ങല്‍ ത്വവാഫിന് ഹറമിലെത്തി. ഇവിടെ നിന്നും നേരെ താമസകേന്ദ്രങ്ങളിലേക്കും മടങ്ങി. ഇനി ഒരാഴ്ച ഇവിടെ നിരീക്ഷണത്തില്‍ കഴിയണം. ഹജ്ജ് ആരംഭിക്കുന്നതിന് മുമ്പുള്ള ഒരാഴ്ചയും അവരവരുടെ താമസസ്ഥലത്ത് നിരീക്ഷണത്തിലായിരുന്നു.

കോവിഡ് 19 പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് അതീവജാഗ്രതയോടെയാണ് ഹജ്ജിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. 25 ലക്ഷത്തോളം ഹാജിമാര്‍ പങ്കെടുക്കാറുള്ള ഹജ്ജ് കര്‍മത്തിന് ഇത്തവണ 1000 പേരെ മാത്രമാണ് തിരഞ്ഞെടുത്തത്. കോവിഡ് പരിശോധനക്ക് വിധേയമാക്കി രോഗബാധയില്ലെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് ഇവരെ തിരഞ്ഞെടുത്തത്. ഹജ്ജിന്റെ ഓരോ കര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോഴും സാമൂഹിക അകലം പാലിക്കല്‍ നിര്‍ബന്ധമായിരുന്നു. താമസസ്ഥലങ്ങളും യാത്രാമാര്‍ഗങ്ങളും ക്രമീകരിച്ചിരുന്നതും ഇത്തരത്തിലാണ്.

കുറേയധികം പണച്ചെലവുള്ള ഹജ്ജ് പരിപൂര്‍ണസൗജന്യമായിരുന്നു എന്നതും ഇത്തവണത്തെ സവിശേഷതയാണ്. സൗദിക്കകത്തുള്ള 160 രാജ്യങ്ങളിലെ 70 ശതമാനം വിദേശികളും 30 ശതമാനം സ്വദേശികളുമടങ്ങുന്നതായിരുന്നു ഇത്തവണത്തെ ഹജ്ജ് സംഘം. ഈ നൂറ്റാണ്ടില്‍ ഏറ്റവും കുറവ് ഹാജിമാര്‍ പങ്കെടുത്ത ഹജ്ജ്.

ഹാജിമാരുടെ എണ്ണം കുറഞ്ഞതു കൊണ്ട് ചടങ്ങുകളെല്ലാം സമയമെടുത്ത് ചിട്ടയോടെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണിവര്‍.

70 ശതമാനം വിദേശികളിലൊരാളായി മലയാളിയായ അബ്ദുല്‍ ഹസീബും ഈ വര്‍ഷത്തെ സവിശേഷ ഹജ്ജില്‍ പങ്കാളിയായി. 1000 ഹാജിമാരിലെ ഒരേയൊരു മലയാളി. മലപ്പുറം മഞ്ചേരിയിലെ മേലാക്കം മുസ്ലിയാരകത്ത് അബ്ദുല്‍ ഹസീബിനിത് ഭാഗ്യദിവസങ്ങള്‍.

Most Popular