Thursday, July 29, 2021
Home Gulf യുഎഇയിൽ വിസാ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാൻ മൂന്ന് മാസം കൂടി സമയം അനുവദിച്ചു

യുഎഇയിൽ വിസാ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാൻ മൂന്ന് മാസം കൂടി സമയം അനുവദിച്ചു

അബുദാബി: മാർച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി കഴിഞ്ഞവർക്ക് പിഴയടക്കാതെ യുഎഇ വിടാൻ മൂന്ന് മാസം കൂടി സമയം അനുവദിച്ചു. കോവിഡ് പ്രതിസന്ധി മൂലം മേയ് 18ന് ആരംഭിച്ച ഈ പൊതുമാപ്പിന്റെ കാലാവധി നാളെയാണ് അവസാനിക്കേണ്ടിയിരുന്നത്. നവംബർ 17 വരെ പൊതുമാപ്പ് തുടരുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ഡയറക്ടർ ജനറൽ മേജർ ജനറൽ സഈദ് റഖാൻ അൽ റാഷിദി പറഞ്ഞു.

മാർച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി അവസാനിച്ച് പൊതുമാപ്പ് കാലയളവിൽ രാജ്യം വിടുന്നവരിൽ നിന്ന് അനധികൃത താമസത്തിനുള്ള പിഴ ഈടാക്കില്ല. ഇവർക്ക് സാധുതയുള്ള പാസ്പോർട്ടും നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റും മാത്രമേ ആവശ്യം വരികയുള്ളൂ. ഇതിനായി പ്രത്യേക രജിസ്ട്രേഷനോ അപേക്ഷയോ നൽകേണ്ടതില്ല. നേരിട്ട് വിമാനത്താവളത്തിലെത്താം. ഈ ആനുകൂല്യത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് പിന്നീട് തിരിച്ചുവരാൻ വിലക്കുണ്ടാവില്ലെന്നും സഈദ് റഖാൻ അൽ റാശിദി വ്യക്തമാക്കി.

പൊതുമാപ്പ് ഉപയോഗപ്പെടുത്തി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി മടങ്ങാൻ ഉദ്ദേശിക്കുന്നവർ വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് ടെർമിനലിലെ ഇമിഗ്രേഷൻ വിഭാഗവുമായി ബന്ധപ്പെടണം. അബുദാബി, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർക്ക് ആറ് മണിക്കൂർ മുമ്പ് എത്തിയാൽ മതിയാകും. കുടുംബമായി യാത്ര ചെയ്യുന്നവർ എല്ലാവരും ഒരുമിച്ചെത്തണമെന്നും നേരത്തെ അധികൃതർ അറിയിച്ചിരുന്നു.

Most Popular