Wednesday, August 4, 2021
Home Gulf കുവൈത്ത് അമീറിന്റെ നിര്യാണത്തിൽ യുഎഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

കുവൈത്ത് അമീറിന്റെ നിര്യാണത്തിൽ യുഎഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

ദുബായ്: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹിന്റെ നിര്യാണത്തിൽ യുഎഇയിൽ മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ മൂന്ന് ദിവസവും യുഎഇ ദേശീയ പതാക പകുതി താഴ്ത്തികെട്ടും.

കുവൈത്ത് അമീറിന്റെ നിര്യാണത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ട്വിറ്ററിലൂടെ അനുശോചനമറിയിച്ചു.

മാനവികതയുടെ അമീറിന്, കുവൈത്തിന്റെ കരുണാനിധിയായ പിതാവിന് ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹക്ക് അല്ലാഹു ശാന്തി നൽകട്ടെയെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിച്ചു. അൽ സബാഹ് കുടുംബത്തിനും കുവൈത്തിലെ ജനതയ്ക്കും ആത്മാർഥമായ അനുശോചനം അറിയിക്കുന്നു. വിജ്ഞാനത്തിന്റെയും സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും പൂർണതയാണ് ഗൾഫ് സഹകരണത്തിനായി പ്രയത്‌നിച്ച ശൈഖ് സബാഹയിൽ കാണാനാവുക. കുവൈത്തിന്റെ യശ്ശസ് ഉയർത്താനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടും. അദ്ദേഹത്തിന് ദൈവം ശാന്തി നൽകട്ടെയെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കുറിച്ചു

സമാധാനം, നേതൃപരത, വികസനം, മാനവികത എന്നിവയിലൂടെ മേഖലയെയും കുവൈത്തിനെയും മികവിന്റെ പാതയിലേക്ക് ശൈഖ് സബാഹ് നയിച്ചു. അദ്ദേഹം നമ്മെ വിട്ടുപോയിരിക്കുന്നു. മാനവികതയുടെയും ദാനത്തിന്റെയും മഹത്തായ പാത നമുക്ക് മുന്നിൽ തുറന്നിട്ട് പോയ മഹാനായ ആ നേതാവിനെ നാമെന്നും സ്മരിക്കും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നൽകാവാനും കുവൈത്ത് ജനതയുടെ തടസ്സമില്ലാത്ത മുന്നോട്ടുള്ള പ്രയാണത്തിനും അല്ലാഹുവിനോട് പ്രാർഥിക്കുന്നുവെന്ന് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിച്ചു.

Most Popular