റിയാദ്: ജിദ്ദയിലെ റുവൈസിൽ കാലപ്പഴക്കം ചെന്ന വീട് തകർന്ന് മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. രാത്രി 10.30ഓടെയാണ് അപകടം സംബന്ധിച്ച് സുരക്ഷാ ഓപ്പറേഷൻസ് സെന്ററിൽ വിവരം ലഭിച്ചതെന്ന് മക്ക സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് ബിൻ ഉസ്മാൻ അൽ ഖറനി പറഞ്ഞു.
മൂന്ന് നിലകളുള്ള വീടിന്റെ മുകളിലത്തെ നിലയാണ് തകർന്നു വീണത്. സിവിൽ ഡിഫൻസ് സംഘവും രക്ഷാ പ്രവർത്തകരും സ്ഥലത്തെത്തി പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 15 പേരിൽ മൂന്ന് പേരാണ് മരിച്ചത്. മറ്റുള്ളവർക്ക് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആശുപത്രികളിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയതായി അധികൃതർ അറിയിച്ചു.