Monday, July 26, 2021
Home Gulf അപകടത്തില്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ മൂന്ന് കുട്ടികളും

അപകടത്തില്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ മൂന്ന് കുട്ടികളും

ദുബായ്: കരിപ്പൂര്‍ അപകടത്തില്‍പെട്ട വിമാനത്തില്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികളും ഉള്‍പ്പെട്ടതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രമോദ് മഹാജന്‍ അറിയിച്ചു. കോഴിക്കോട് സ്വദേശികളായ ഇശല്‍ (10ാം ക്ലാസ്), ഇന്‍ശ (5ാം ക്ലാസ്), മുഹമ്മദ് സിഷാന്‍ (3ാം ക്ലാസ്) എന്നിവരാണ് നിസാര പരിക്കുകളോടെ കോഴിക്കോട് മിംമ്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

സഹോദരങ്ങളായ ഇവര്‍ മാതാവിനൊപ്പമാണ് നാട്ടിലേക്ക് വന്നത്. അപകടത്തിന് ശേഷം സ്‌കൂളിലെ സ്റ്റാഫ് ഇവരുടെ മാതാവുമായി ഫോണില്‍ സംസാരിച്ചെന്നും പരിക്കുകള്‍ ഗുരുതരമല്ലെന്ന് പറഞ്ഞതായും പ്രിന്‍സിപ്പല്‍ പറഞ്ഞു. അപകടത്തില്‍ പെട്ട വിമാനത്തില്‍ ഇവിടുത്തെ കുട്ടികള്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ ആദ്യം ഷോക്ക് ആയെന്നും വിവരമറിയുന്നതു വരെ അത് തുടര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലേക്ക് പോകുന്നതിന് മുമ്പ് സ്‌കൂളില്‍ നിന്ന് കുട്ടികളുടെ ടിസി വാങ്ങിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് 19 തോഴില്‍മേഖലയെ ബാധിച്ചതോടെയാണ് ഇവര്‍ ദുബായില്‍ നിന്ന് പോകാന്‍ നിര്‍ബന്ധിതരായത്. വളരെ നന്നായി പഠിക്കുന്ന കുട്ടികളായിരുന്നു ഇവര്‍. ഇക്കഴിഞ്ഞ 10ാം ക്ലാസ് പരീക്ഷയില്‍ മൂത്ത കുട്ടി ഇശലിന് 95 ശതമാനം മാര്‍ക്കുണ്ടായിരുന്നു. സ്‌കൂളില്‍ നിന്ന് പോയെങ്കിലും ഇവരുടെ മാതാപിതാക്കളുമായുള്ള ബന്ധം നിലനിര്‍ത്തുമെന്നും വേണ്ട സഹായങ്ങള്‍ എത്തിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

Most Popular