അഞ്ച് വര്‍ഷം മുന്‍പ് ഖത്തറില്‍ നഷ്ടപ്പെട്ട സ്വര്‍ണമാലയും രത്‌നമോതിരവും , കണ്ടെത്തി തിരികെ നല്‍കി ഷെഫീര്‍

കൊടുങ്ങല്ലൂര്‍: തമിഴ്‌നാട് സ്വദേശിക്ക് അഞ്ച് വര്‍ഷം മുന്‍പ് ഖത്തറില്‍ നഷ്ടപ്പെട്ട 5 പവന്റെ സ്വര്‍ണമാലയും ഒരു പവന്റെ രത്‌നമോതിരവും കൈമാറി ശ്രീനാരായണപുരം പി. വെമ്പല്ലൂര്‍ മാമ്പി ബസാര്‍ പുതിയവീട്ടില്‍ ഷെഫീര്‍ ബാബു മാതൃകയായി. കാര്‍ത്തിക് കൃഷ്ണസ്വാമിയുടെ മാലയും മോതിരവും അടങ്ങിയ ചെറിയ ബോക്‌സ് 2015ലാണ് നഷ്ടപ്പെട്ടത്.

ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇരുവരും യാത്ര ചെയ്യുമ്പോള്‍ കാറിന്റെ ഡിക്കിയില്‍ കാര്‍ത്തികിന്റെ ബാഗ് വച്ചിരുന്നു. അതില്‍ നിന്നു സ്വര്‍ണമടങ്ങിയ ബോക്‌സ് കാണാനില്ലെന്നു പിന്നീടാണ് അറിഞ്ഞത്. താമസസ്ഥലത്തും കാറിലും തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. പിന്നീട് കാര്‍ത്തിക് ഖത്തര്‍ വിട്ടു. 2020 മാര്‍ച്ചില്‍ ഷെഫീറിന്റെ കാര്‍ വില്‍ക്കുന്നതിനായി പരിശോധിച്ചപ്പോഴാണ് സ്റ്റെപ്പിനി ടയറിന്റെ അടിയില്‍ ബോക്‌സ് കണ്ടെത്തിയത്.

കാര്‍ത്തികിനെ അന്വേഷിച്ചെങ്കിലും ആര്‍ക്കും അറിയില്ലായിരുന്നു. അഞ്ച് മാസം മുന്‍പ് നാട്ടിലെത്തിയ ഷെഫീര്‍ മാലയുടെയും മോതിരത്തിന്റെയും ചിത്രം അടക്കം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. പ്രവാസികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ അതു ഷെയര്‍ ചെയ്തതോടെ ബഹ്റൈനില്‍ ജോലിയിലുള്ള കാര്‍ത്തിക് വിവരം അറിഞ്ഞു.

ഉടന്‍ കാര്‍ത്തിക് ഷഫീറിനെ ബന്ധപ്പെടുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഇരുവര്‍ക്കും നേരിട്ടു കാണാനായില്ല. കാര്‍ത്തികിനു നാട്ടില്‍ എത്താന്‍ കഴിയാത്തതു കൊണ്ട് സുഹൃത്തായ ആമ്പല്ലൂര്‍ സ്വദേശി മിഥുന് മതിലകം പൊലീസ് സ്റ്റേഷനില്‍ എസ്‌ഐയുടെ സാന്നിധ്യത്തില്‍ ഷെഫീര്‍ മാലയും മോതിരവും കൈമാറി.