Thursday, August 5, 2021
Home Gulf അബുദാബിയിൽ പരിധിവിട്ട് നിയമലംഘനം നടത്തിയ രണ്ട് ഡ്രൈവർമാർക്ക് 5.18 കോടി രൂപ പിഴ

അബുദാബിയിൽ പരിധിവിട്ട് നിയമലംഘനം നടത്തിയ രണ്ട് ഡ്രൈവർമാർക്ക് 5.18 കോടി രൂപ പിഴ

അബുദാബി: നിയമലംഘനത്തിന് അബുദാബിയിൽ രണ്ട് ഡ്രൈവർമാർക്ക് 26 ലക്ഷം ദിർഹം (5.18 കോടി രൂപ) പിഴ. ഒരാൾ 14 ലക്ഷം, മറ്റൊരാൾ 12 ലക്ഷം ദിർഹമും അടയ്ക്കണം. വാഹന റജിസ്‌ട്രേഷന് എത്തിയപ്പോഴാണ് ഇരുവരെയും പിടികൂടിയതെന്ന് അബുദാബി പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ജനറൽ സാലിം അബ്ദുല്ല അൽ ദാഹിരി പറഞ്ഞു.

മാസങ്ങളായി ആവർത്തിച്ച നിയമലംഘനങ്ങളാണ് ലക്ഷങ്ങളുടെ പിഴ ലഭിക്കാൻ കാരണം. റോഡിലെ ക്യാമറകളിലാണ് നിയമലംഘനങ്ങൾ പതിഞ്ഞത്.

നിയമലംഘനത്തിനുള്ള പിഴ 7,000 ദിർഹം കടന്നാൽ വാഹനം കണ്ടുകെട്ടണമെന്നാണ് പുതിയ നിയമം. എന്നാൽ പിഴ 10 ലക്ഷം കടന്നിട്ടും വാഹന ഉടമയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. വാഹന റജിസ്‌ട്രേഷന് എത്തിയപ്പോൾ പിഴ കണ്ട് ഞെട്ടിയ ഉദ്യോഗസ്ഥർ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പ്രതിയെയും വാഹനത്തെയും കസ്റ്റഡിയിൽ എടുത്തു.

പിടിച്ചെടുത്ത വാഹനം തിരിച്ചെടുക്കാൻ 50,000 ദിർഹം വേറെ നൽകണം. മൂന്ന് മാസത്തിനകം പിഴ അടച്ച് വാഹനം തിരിച്ചെടുത്തിട്ടില്ലെങ്കിൽ ലേലം ചെയ്യും. ഈ വർഷം ഇതുവരെയുണ്ടായ 2,703 വലിയ അപകടങ്ങളിൽ 215 പേർ മരിച്ചു. ഗതാഗത നിയമം ലംഘിച്ചതാണ് 48% അപകടങ്ങൾക്കും കാരണം.

Most Popular