Tuesday, August 3, 2021
Home Gulf ഓൺലൈൻ വിദ്യാഭ്യാസം സുഗമമാക്കാൻ യുഎഇയിൽ സാറ്റലൈറ്റ്

ഓൺലൈൻ വിദ്യാഭ്യാസം സുഗമമാക്കാൻ യുഎഇയിൽ സാറ്റലൈറ്റ്

ദുബായ്: കോവിഡ് സാഹചര്യങ്ങളെ തുടർന്ന് വിദൂര വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടും ഓൺലൈൻ വിദ്യാഭ്യാസം സുഗമമാക്കാനും യുഎഇയിൽ സാറ്റലൈറ്റ് ഓപ്പറേഷൻസ് സെന്റർ. ഇന്റർനെറ്റ് ശൃംഖലയുടെ ഏകോപനം, വേഗം, കാര്യക്ഷമത തുടങ്ങിയവയ്ക്കുള്ള ഉപഗ്രഹ നിയന്ത്രിത കേന്ദ്രത്തിനു വിദ്യാഭ്യാസ മന്ത്രാലയമാണ് തുടക്കം കുറിച്ചത്.

പൊതുവിദ്യാഭ്യാസ മേഖലയിലെ 12 ലക്ഷത്തിലേറെ കുട്ടികളെ രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിന്റെ ഭാഗമാക്കാൻ കഴിഞ്ഞുവെന്നും ഗ്ലോബൽ മാനുഫാക്ചറിങ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ സമ്മിറ്റിൽ (ജിഎംഐഎസ്) വിദ്യാഭ്യാസ മന്ത്രി ഹുസൈൻ അൽ ഹമ്മാദി വ്യക്തമാക്കി.ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ടെലികമ്മ്യൂണിക്കേഷൻ മേഖലകളിൽ വിപുലമായ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിന് കോവിഡ് മഹാമാരി കാരണമായെന്നും സേവനദാതാക്കൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയെന്നും ഈ മാസം 4, 5 തീയ്യതികളിൽ നടന്ന സമ്മിറ്റിൽ പറഞ്ഞു.

വിദൂരവിദ്യാഭ്യാസ പദ്ധതി വ്യാപകമാക്കാനുള്ള നടപടികൾക്ക് യുഎഇ 2012ൽ തുടക്കം കുറിച്ചിരുന്നു. 4ജി നെറ്റ്‌വർക്കിലൂടെയുള്ള സ്മാർട് ക്ലാസ് ലക്ഷ്യമിട്ട് മുഹമ്മദ് ബിൻ റാഷിദ് സ്മാർട് ലേണിങ് ഇനിഷ്യേറ്റീവ് തുടങ്ങിയതും ഇതിനാണ്. ഇതിനു വൻ സ്വീകര്യത ലഭിക്കുകയും ചെയ്തു. രാജ്യാന്തര വിദ്യാഭ്യാസ മേഖലയാകെ ഈ ശൃംഖലയുടെ ഭാഗമാകുകയാണ്. ഓൺലൈൻ പഠനത്തിന്റെ സാധ്യതകൾ വർധിച്ചു. ക്ലാസ് പഠനത്തിന്റെ പരിമിതികൾ ഒഴിവാക്കാനും പുതിയ പാഠ്യപദ്ധതികൾക്കു തുടക്കം കുറിക്കാനും കഴിഞ്ഞു.

വാർത്താവിനിമയം, ആരോഗ്യം തുടങ്ങിയ മേഖലകളിലും കോവിഡ് സാഹചര്യങ്ങൾ വലിയ മാറ്റമുണ്ടാക്കി. കൂടുതൽ സ്മാർട് പദ്ധതികൾക്കു രൂപം നൽകിയില്ലെങ്കിൽ പുതിയ വെല്ലുവിളികളെ അതിജീവിച്ചു മുന്നേറാനാവില്ലെന്നും അൽ ഹമ്മാദി ചൂണ്ടിക്കാട്ടി.

Most Popular