Sunday, July 25, 2021
Home Gulf യുഎഇയിൽ കാലാവധി കഴിഞ്ഞ സന്ദർശക വിസക്കാരിൽ നിന്ന് പിഴ ഈടാക്കി തുടങ്ങി

യുഎഇയിൽ കാലാവധി കഴിഞ്ഞ സന്ദർശക വിസക്കാരിൽ നിന്ന് പിഴ ഈടാക്കി തുടങ്ങി

അബുദാബി: യുഎഇയിൽ ഈ വർഷം മാർച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ സന്ദർശക ടൂറിസ്റ്റ് വിസക്കാരിൽ നിന്ന് അധികൃതർ പിഴ ഈടാക്കിത്തുടങ്ങി. സന്ദർശക ടൂറിസ്റ്റ് വീസക്കാർക്ക് മടങ്ങിപ്പോകാൻ അനുവദിച്ചിരുന്ന അധികസമയം അവസാനിച്ചതിനെ തുടർന്ന് ദുബായിൽ തിങ്കളാഴ്ച മുതലും മറ്റ് എമിറേറ്റുകളിൽ ഇന്ന് മുതലുമാണ് പിഴ ഈടാക്കി വരുന്നത്. വിസാ കാലാവധി കഴിഞ്ഞവർ എത്രയും പെട്ടെന്ന് പുതുക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

സന്ദർശക വിസക്കാർ അനധികൃതമായി താമസിച്ച ആദ്യ ദിവസം 200 ദിർഹവും പിന്നീട് ഓരോ ദിവസത്തിന് 100 ദിർഹം വീതവുമാണ് അടയ്ക്കേണ്ടത്. കാലാവധി കഴിഞ്ഞ താമസ വീസക്കാർ ആദ്യ ദിവസം 125 ദിർഹവും പിന്നീടുള്ള ഓരോ ദിവസം 25 ദിർഹം വീതവും അടയ്ക്കണം. കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് യുഎഇയിൽ കുടുങ്ങിയ സന്ദർശക- ടൂറിസ്റ്റ് വിസക്കാർക്ക് സഹായമെന്ന നിലയ്ക്കാണ് അധികൃതർ ഇളവ് അനുവദിച്ചത്.

മാർച്ച് ഒന്നിന് ശേഷം വീസാ കാലാവധി അവസാനിച്ചവർക്ക് മടങ്ങിപ്പോകാൻ ഈ മാസം 10വരെ സമയം നൽകിയിരുന്നു. കൂടാതെ, പ്രത്യേക അറിയിപ്പില്ലാതെ 10 ദിവസം കൂടി അധികൃതർ അനുവദിക്കുകയും ചെയ്തു. ഈ സമയപരിധിയും ഈ മാസം 20ന് അവസാനിച്ചു.

എന്നാൽ, വീണ്ടും സമയം നീട്ടി നൽകുമെന്ന് കരുതി പലരും മടങ്ങാൻ തയാറായിരുന്നില്ല. ഇത്തരക്കാരാണ് ഇനി പിഴയൊടുക്കേണ്ടി വരിക. സന്ദർശക-ടൂറിസ്റ്റ് വിസയുടെ കാലാവധി കഴിഞ്ഞവർ എത്രയും പെട്ടെന്ന് വിസ പുതുക്കുകയോ, താമസ വിസയിലേയ്ക്ക് മാറുകയോ അതുമല്ലെങ്കിൽ നാട്ടിലേയ്ക്ക് മടങ്ങിപ്പോവുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

Most Popular