യുഎഇയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 100 കോടി ദിര്‍ഹത്തിന്റെ ലഹരിമരുന്നുമായി വിദേശികളുള്‍പ്പെടെ പിടിയില്‍

bahrain jail

അബൂദബി: കഴിഞ്ഞവര്‍ഷത്തിന്റെ അവസാന പാദത്തില്‍ അബൂദബിയില്‍ 100 കോടി ദിര്‍ഹത്തിന്റെ ലഹരിമരുന്നുമായി പിടിയിലായത്. വിവിധ രാജ്യക്കാരായ 22 പേര്‍. ഇവരില്‍ നിന്ന് 1.041 ടണ്‍ ലഹരിമരുന്ന് പിടികൂടിയതായി അബുദാബി പൊലീസ് അറിയിച്ചു. ലഹരിമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘത്തിലെ അംഗങ്ങളാണ് പിടിയിലാവരെന്ന് പൊലീസ് വെള്ളിയാഴ്ച വെളിപ്പെടുത്തി.

അറസ്റ്റിലായവരില്‍ എട്ടുപേര്‍ ലഹരിമരുന്ന് കടത്തിലൂടെ ലഭിച്ച കള്ളപ്പണം വെളുപ്പിച്ചതായും കണ്ടെത്തി. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസിലെ ലഹരിവിരുദ്ധ സേന സാഹചര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് ലഹരിമരുന്ന് പിടികൂടിയതെന്നും പ്രതികളെ അറസ്റ്റ് ചെയ്തതെന്നും അബുദാബി പൊലീസ് അറിയിച്ചു. യുഎഇയ്ക്ക് പുറത്തുള്ള സംഘങ്ങള്‍ക്കും ലഹരിമരുന്ന് കള്ളക്കടത്തില്‍ ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടതായി അബുദാബി പൊലീസിലെ ആന്റി നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റ് മേധാവി കേണല്‍ താഹിര്‍ ഗാരിബ് അല്‍ ദാഹിരി പറഞ്ഞു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.