Monday, April 19, 2021
Home Gulf അടുത്ത മൂന്ന് വർഷത്തേക്കുള്ള സ്‌കൂൾ കലണ്ടർ പ്രഖ്യാപിച്ച് യുഎഇ

അടുത്ത മൂന്ന് വർഷത്തേക്കുള്ള സ്‌കൂൾ കലണ്ടർ പ്രഖ്യാപിച്ച് യുഎഇ

ദുബായ്: അടുത്ത മൂന്ന് വർഷത്തേക്കുള്ള സ്‌കൂൾ കലണ്ടർ യുഎഇ വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കി. ഇന്നലെയാണ് അക്കാദമിക് കലണ്ടറിനുള്ള അംഗീകാരം യുഎഇ അധികൃതർ നൽകിയത്. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ മന്ത്രാലയ വികസനസമിതിയാണ് 2020-21, 2021-22, 2022-23 വർഷങ്ങളിലെ പൊതു, സ്വകാര്യ സ്‌കൂളുകൾക്കുള്ള കലണ്ടറുകൾക്ക് അംഗീകാരം നൽകിയത്. സ്‌കൂൾ വർഷത്തിന്റെ ആരംഭവും അവസാനവും അവധിദിനങ്ങളും അംഗീകരിച്ചതായി യുഎഇ സർക്കാർ ട്വീറ്ററിലൂടെ അറിയിക്കുകയായിരുന്നു.

കലണ്ടർ പ്രകാരം 2020-21 അധ്യയനവർഷം ഓഗസ്റ്റ് 30നും 2021-22 അധ്യയനവർഷം 2021 ഓഗസ്റ്റ് 29നും 2022-23 അധ്യയനവർഷം ഓഗസ്റ്റ് 28നുമാണ് ആരംഭിക്കുന്നത്. ഓരോ വർഷവും രണ്ട് ഇടവേളകളും ഒരു സമ്മർ വെക്കേഷനും ഉണ്ടാകും. 2020-21, 2022-23 വർഷങ്ങളിൽ ആകെ 188 പ്രവൃത്തിദിനങ്ങളും 2021-22 ന് 186 പ്രവൃത്തിദിവസവുമായിരിക്കും. പൊതുവിദ്യാലയങ്ങൾക്കും യുഎഇ വിദ്യാഭ്യാസ മന്ത്രാലയ പാഠ്യപദ്ധതി പിന്തുടരുന്നവർക്കും 182 ദിവസമായിരിക്കും ഓരോ അധ്യയന വർഷത്തിലും ഏറ്റവും കുറഞ്ഞ പ്രവൃത്തിദനങ്ങൾ.

വിദേശ പാഠ്യപദ്ധതിയുള്ള സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് വിന്റർ വെക്കേഷൻ ഡിസംബർ 12ന് തുടങ്ങി ഡിസംബർ 31ന് അവസാനിക്കും. 2021 ജനുവരി മൂന്നിന് സ്‌കൂളുകൾ തുറക്കും. രണ്ടാഴ്ചത്തെ സ്പ്രിംഗ് വെക്കേഷൻ മാർച്ച് 28ന് തുടങ്ങി ഏപ്രിൽ എട്ടിന് അവസാനിക്കും. ഏപ്രിൽ 11 മുതൽ ക്ലാസുകൾ പുനഃരാരംഭിക്കും. 2020-21 അധ്യയന വർഷം ജൂലായ് ഒന്നിന് അവസാനിക്കും.

യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന പൊതു സ്വകാര്യ സ്‌കൂളുകൾക്ക് തീയതികൾ വ്യത്യസ്തമാണ്. ഇവർക്ക് വിന്റർ വെക്കേഷൻ നാലാഴ്ചയാണ്. ഡിസംബർ 13 മുതൽ ജനുവരി ഏഴ് വരെയായിരിക്കും അവധി. പുതിയ വിവരങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Most Popular