
സൗദി അതിര്‍ത്തിയിലേക്ക് ഇത്തിഹാദ് റെയില്‍ പദ്ധതി നടപ്പാക്കാനൊരുങ്ങി യു എ ഇ
അബുദാബി: സൗദി അതിര്‍ത്തിയിലേക്ക് ഇത്തിഹാദ് റെയില്‍ പദ്ധതി നടപ്പാക്കാനൊരുങ്ങി യു എ ഇ. ഏഴ് എമിറേറ്റുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന 1200 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ഇത്തിഹാദ് റെയിലിന്റെ ആദ്യഘട്ടം 2016 ല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എ, ബി, സി, ഡി ഭാഗങ്ങളായി വിവിധ എമിറേറ്റുകളില്‍ പുരോഗമിക്കുകയാണ്. റുവൈസ് മുതല്‍ യു എ ഇ- സൗദി അതിര്‍ത്തിയായ ഗുവൈഫാത് വരെയുളള 139 കിലോമീറ്റര്‍ ആദ്യഭാഗത്തില്‍ (എ)ട്രാക്ക് പാകുന്നത് വ്യാഴാഴ്ച തുടങ്ങി.
ഭരണാധികാരിയുടെ അല്‍ദഫ്റ മേഖലാ പ്രതിനിധിയും എമിറേറ്റ്സ് റെഡ് ക്രസന്റ് ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന് ഉദ്ഘാടനം നിര്‍വഹിച്ചു. ഈ ഘട്ടം അതിര്‍ത്തി തൊടുന്നതോടെ ജി സി സി റെയില്‍ എന്ന സ്വപ്നത്തിലേക്ക് യു എ ഇ കൂടുതല്‍ അടുക്കും.
4000 കോടി ദിര്‍ഹം ചെലവിലാണ് ഇത്തിഹാദ് റെയില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതോടെ യുഎഇയുടെ സാമ്പത്തിക, സാമൂഹിക, പരിസ്ഥിതി, ടൂറിസം രംഗത്ത് വന്‍ കുതിപ്പുണ്ടാകും.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ വര്‍ഷത്തില്‍ ആറ് കോടി ടണ്‍ ചരക്കുനീക്കം സാധിക്കും. ഇതിലൂടെ 80 ശതമാനം വരെ കാര്‍ബണ്‍ മലിനീകരണം കുറയ്ക്കാം. 5,600 ട്രക്കുകള്‍ ദിവസേന കൊണ്ടുപോകുന്ന ചരക്കുകള്‍ ഒരു ട്രെയിനില്‍ കയറ്റാനാകും.