Thursday, September 23, 2021
Home News Kerala ലോക്ഡൗണ്‍ കാലത്ത് കടത്തിയത് 100 കോടിയുടെ സ്വര്‍ണം; കേരളത്തിലെ പ്രമുഖ ജ്വല്ലറികള്‍ക്കും പങ്ക്?

ലോക്ഡൗണ്‍ കാലത്ത് കടത്തിയത് 100 കോടിയുടെ സ്വര്‍ണം; കേരളത്തിലെ പ്രമുഖ ജ്വല്ലറികള്‍ക്കും പങ്ക്?

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് 100 കോടി രൂപയുടെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കേരളത്തിലെത്തിയതായി വിവരം. മൂന്ന് തവണയായാണ് ഇത്രയും സ്വര്‍ണം കടത്തിയത്. നാലാമത്തെ കടത്തലിലാണ് 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണം പിടികൂടിയത്. ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോക്ഡൗണ്‍ മറയാക്കി നടത്തിയ കടത്തലിന്റെ വിവരങ്ങള്‍ ലഭിച്ചത്.

കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകള്‍ക്കു വേണ്ടിയും സ്വര്‍ണമെത്തിയതായാണ് സൂചന. വടക്കന്‍ കേരളത്തിലെ ചില ഗ്രൂപ്പുകള്‍ സരിത്തിനെ ഉപയോഗിച്ച് കടത്തല്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നെന്നും ഇതിനു രാജ്യത്തിനകത്തും പുറത്തും വലിയ സ്വാധീനമുള്ള സംഘങ്ങളുടെ സഹായം ലഭിച്ചിരുന്നതായും അന്വേഷണസംഘവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. കൊച്ചിയും തിരുവനന്തപുരവും കേന്ദ്രീകരിച്ച് രണ്ടു വര്‍ഷത്തിനിടെ പിടികൂടിയ സ്വര്‍ണത്തിന്റെ കണക്കെടുപ്പ് കസ്റ്റംസ് ആരംഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണിത്. സ്വര്‍ണക്കടത്തിനു നേരത്തേ പിടികൂടിയ സംഘങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പരിശോധിക്കുന്നുണ്ട്.

സരിത് ചെറിയ കണ്ണി മാത്രം
കടത്തല്‍ സംഘത്തിലെ ചെറിയ കണ്ണി മാത്രമാണ് സരിത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കടത്തല്‍ സുഗമമാക്കാനായി വിവിധ മേഖലകളില്‍ സ്വാധീനമുള്ളവരെ സംഘത്തിലേക്ക് ആകര്‍ഷിക്കാന്‍ വലിയ സംഘം പ്രവര്‍ത്തിച്ചിരുന്നു. ദുബായില്‍നിന്ന് ഡിപ്ലോമാറ്റിക് ബാഗേജ് അയയ്ക്കാന്‍ ആ രാജ്യത്തിന്റെയും കൈപ്പറ്റുന്ന കോണ്‍സുലേറ്റിന്റെയും അധികൃതരുടെ അനുമതി ആവശ്യമാണ്.

സിബിഐ അന്വേഷണത്തിന് സാധ്യത
സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന സ്വര്‍ണക്കടത്ത് കേസ് സിബിഐ അന്വേഷിച്ചേക്കുമെന്ന് സൂചന. പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കാന്‍ സിബിഐ സംഘം കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്തെത്തി. വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് സിബിഐ ഉദ്യോഗസ്ഥര്‍ കേസിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതെന്നതാണ് ശ്രദ്ധേയം.

നിര്‍മല സീതാരാമനും മുരളീധരനും ചര്‍ച്ച നടത്തി
അതിനിടെ, സ്വര്‍ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും കൂടിക്കാഴ്ച നടത്തി. കേസിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച. കസ്റ്റംസ് അന്വേഷണത്തിന്റെ ഗതി വിലയിരുത്തിയ ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ അന്വേഷണം വേണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചനകള്‍.

Most Popular