Friday, September 17, 2021
Home Gulf UAE ദുബയില്‍ ആഡംബര കാറുകള്‍ മോഷ്ടിച്ച് ആറ് കോടിക്ക് വിറ്റ ഏഷ്യന്‍ സംഘം പിടിയില്‍

ദുബയില്‍ ആഡംബര കാറുകള്‍ മോഷ്ടിച്ച് ആറ് കോടിക്ക് വിറ്റ ഏഷ്യന്‍ സംഘം പിടിയില്‍

ദുബൈ: എമിറേറ്റ്‌സ് ഹില്‍സിലെ വില്ലയില്‍ നിന്ന് മൂന്ന് ആഡംബര കാറുകള്‍ മോഷ്ടിച്ച് വില്‍പന നടത്തിയ സംഘം പിടിയില്‍. ആറംഗ ഏഷ്യന്‍ സംഘമാണ് അറസ്റ്റിലായത്. കൃത്രിമ രേഖകള്‍ നിര്‍മിച്ച് 6 കോടി രൂപയ്ക്കാണ് കാറുകള്‍ വില്‍പ്പന നടത്തിയത്. കാറുകള്‍ പുറത്തു കടത്താന്‍ സഹായിച്ചതിന് വില്ലയിലെ സുരക്ഷാ ജീവനക്കാരനും പിടിയിലായി.

വിദേശത്തുള്ള ഉടമയ്ക്ക് ഒന്‍പത് ആഡംബര കാറുകളുണ്ട്. സുഹൃത്തിനെയാണ് ഇവ നോക്കാന്‍ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍, കോവിഡ് കാരണം സുഹൃത്തിന് എത്താന്‍ കഴിഞ്ഞില്ല. ദിവസങ്ങള്‍ക്കു ശേഷം വന്നു നോക്കിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. ക്രിമിനല്‍ ഡേറ്റാ അനാലിസിസ് സെന്ററിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേ.ജമാല്‍ അല്‍ ജല്ലാഫ് അറിയിച്ചു.

കോവിഡ് കാരണം പല സ്ഥലങ്ങളില്‍ കുടുങ്ങി ഇവിടേക്ക് വരാന്‍ കഴിയാത്ത ആളുകളെയാണ് ഇത്തരം സംഘം നോട്ടമിട്ടിരിക്കുന്നതെന്ന് പോലിസ് അറിയിച്ചു. മറ്റൊരു കാറും ഇതു പോലെ മോഷ്ടിച്ച് കുറഞ്ഞ വിലയ്ക്കു വിറ്റു. വില്ലകളില്‍ ഉള്ളവര്‍ അവധിക്കു പോകുമ്പോഴും മറ്റും പോലിസിനെ വിവരമറിയിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Most Popular