Friday, June 18, 2021
Home Gulf UAE 17,000 സ്​ക്രൂവും 8200 ആണികളും ഉപയോഗിച്ച്‌​ ശൈഖ്​ സായിദിനെ വരച്ച്‌​ തൃശ്ശൂര്‍ സ്വദേശി

17,000 സ്​ക്രൂവും 8200 ആണികളും ഉപയോഗിച്ച്‌​ ശൈഖ്​ സായിദിനെ വരച്ച്‌​ തൃശ്ശൂര്‍ സ്വദേശി

ദുബൈ: ശൈഖ് സായിദിനെ വ്യത്യസ്ത രീതിയില്‍ വരച്ച് തൃശൂര്‍ -കൈപ്പമംഗലം സ്വദേശി സെയ്ദ് ഷാഫി. 17,000 സ്‌ക്രൂവും 8200 ആണികളും ഉപയോഗിച്ച് ശൈഖ് സായിദിനെ ചിത്രീകരിച്ചിരിക്കുകയാണ് ഷാഫി. ബില്‍ഡിങ് മെറ്റീരിയല്‍സ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഷാഫി അവിടെ നിന്നുള്ള ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് 29 ദിവസങ്ങള്‍ കൊണ്ടാണ് കലാസൃഷ്ടി പൂര്‍ത്തിയാക്കിയത്. ദേശീയ ദിനത്തോടനുബന്ധിച്ച് യു.എ.ഇക്ക് ആദരമര്‍പ്പിച്ച് ഫുജൈറയിലെ എഫ്.ജി.ടി സക്കാംകം മാളില്‍ പ്രദര്‍ശനത്തിനുവെച്ച ചിത്രം വൈകാതെ ഫുജൈറ മ്യൂസിയം ഏറ്റെടുക്കും.

ഫുജൈറയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഷാഫി തന്റെ മുദീറായ പി.എ. ഹുസൈന്റെ വാക്കുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ശൈഖ് സായിദിനെ ചിത്രീകരിച്ചത്. നാട്ടില്‍ സിനിമയുടെയും സീരിയലുകളുടെയും അസിറ്റന്റ് ഡയറക്ടറായി ജോലി ചെയ്തിരുന്ന ഷാഫിയോട് യു.എ.ഇക്കായി വേറിട്ട എന്തെങ്കിലും ചെയ്യാന്‍ മുദീര്‍ നിര്‍ദേശിച്ചിരുന്നു.

ജോലി കഴിഞ്ഞ് റൂമിലെത്തി രാത്രി എട്ട് മുതല്‍ 12 വരെ സമയം ചെലവഴിച്ചാണ് ഇത് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ദിവസം ഇതിന് യൂനിവേഴ്‌സല്‍ റെക്കോഡ് ഫോറത്തിന്റെ (യു.ആര്‍.എഫ്) ഏഷ്യന്‍ റെക്കോഡ് ലഭിച്ചിരുന്നു. ഷാഫി വരച്ച ശൈഖ് സായിദിന്റെ മറ്റൊരു ചിത്രവും ഫുജൈറ മ്യൂസിയത്തിലുണ്ട്. ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് ആലി ശര്‍ഖിയെ വരച്ച് അദ്ദേഹത്തിന് നേരിട്ട് സമര്‍പ്പിക്കാനുള്ള ഭാഗ്യവും ഷാഫിക്ക് ലഭിച്ചു. ഇതിന് സമ്മാനവും അദ്ദേഹം നല്‍കിയിരുന്നു. ശൈഖ് സായിദിന്റെ കാഴ്ചപ്പാടുകളാണ് ഈ വരക്ക് പ്രചോദനമെന്ന് ഷാഫി പറയുന്നു.

Most Popular