Thursday, September 23, 2021
Home Gulf UAE ഡോക്ടര്‍മാരെപ്പോലും അല്‍ഭുതപ്പെടുത്തി കോവിഡിനെ തോല്‍പ്പിച്ച് അബ്ദുല്ല ജീവിത്തിലേക്കു തിരിച്ചുവന്നു

ഡോക്ടര്‍മാരെപ്പോലും അല്‍ഭുതപ്പെടുത്തി കോവിഡിനെ തോല്‍പ്പിച്ച് അബ്ദുല്ല ജീവിത്തിലേക്കു തിരിച്ചുവന്നു

റാസല്‍ഖൈമ: ജീവിതത്തിലേക്ക് തിരികെ വരാന്‍ രണ്ട് ശതമാനം പോലും സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ രോഗി അല്‍ഭുതകരമായി കോവിഡിനെ അതിജീവിച്ചു. അഫ്ഗാന്‍ സ്വദേശി മീഖായീല്‍ അബ്ദുല്ലയാണ് ഡോക്ടര്‍മാര്‍ക്കു പോലും അല്‍ഭുതമായി മാറിയത്.

ഷാര്‍ജയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന 40കാരന അബ്ദുല്ലയെ മെയ് എട്ടിനാണ് ഇബ്രാഹിം ഉബൈദുല്ല ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുന്നത്. ചെറിയ പനിയിലായിരുന്നു രോഗത്തിന്റെ തുടക്കം. ‘രോഗം മൂര്‍ച്ഛിച്ചപ്പോള്‍ എനിക്ക് കണ്ണ് പോലും തുറക്കാന്‍ വയ്യാത്ത സ്ഥിതിയായി. മരുന്ന് കഴിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. ഒടുവില്‍ ആംബുലന്‍സ് വിളിച്ച് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു’- അബ്ദുല്ല പറഞ്ഞു.

പരിശോധനയില്‍ ഫലം പോസിറ്റീവ് ആണെന്ന് തെളിഞ്ഞതോടെ അബ്ദുല്ലയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അതിജീവിക്കാനുള്ള സാധ്യത രണ്ട് ശതമാനം പോലുമില്ലെന്നായിരുന്നു ഡോക്ടറുമാരുടെ നിഗമനം. എന്നാല്‍, ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും നല്‍കിയ ആത്മ വിശ്വാസത്തിന്റെ കരുത്തില്‍ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് 51 ദിവസങ്ങള്‍ക്ക് ശേഷം ഈ യുവാവ് ജീവിതത്തിലേക്ക് മടങ്ങിവന്നിരിക്കുകയാണ്.

22 വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്തുവരികയാണ് അബ്ദുല്ല. മൂന്നും ആറും വയസ്സുള്ള രണ്ട് ആണ്‍ മക്കളോടും ഭാര്യയോടും കൂടെയാണ് ഷാര്‍ജയില്‍ താമസിക്കുന്നത്.
അബ്ദുല്ലക്ക് കോവിഡ് ബാധിച്ചെന്ന് അറിഞ്ഞതോടെ അങ്ങേയറ്റം ദുഖിതരായ അഫ്ഗാനിലെ ബന്ധുക്കള്‍ രോഗത്തെ അതിജീവിച്ചതറിഞ്ഞതോടെ പറഞ്ഞറിയിക്കാന്‍ വയ്യാത്ത സന്തോഷത്തിലാണ്.


 

Most Popular