Monday, April 12, 2021
Home Gulf UAE അബൂദാബി കടല്‍ത്തീരങ്ങളില്‍ കടല്‍പാമ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

അബൂദാബി കടല്‍ത്തീരങ്ങളില്‍ കടല്‍പാമ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

അബൂദാബി: തലസ്ഥാനത്തെ കടല്‍ത്തീരങ്ങളില്‍ വിഷമുള്ള കടല്‍പാമ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. നവംബര്‍ മുതല്‍ ഫെബ്രുവരി വരെ യു.എ.ഇ തീരങ്ങളില്‍ കടല്‍ പാമ്പുകള്‍ സാധാരണമാണെന്നും മുന്നറിയിപ്പ് നല്‍കുന്നു. അബൂദാബിയിലെ കടല്‍ത്തീരത്ത് ശൈത്യകാലത്ത് കാണപ്പെടുന്ന വിഷമുള്ള കടല്‍പാമ്പുകളെക്കുറിച്ച് അബൂദബി പരിസ്ഥിതി ഏജന്‍സിയുടെ ഉരഗങ്ങളെക്കുറിച്ചുള്ള വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. കടല്‍ത്തീരത്ത് കുടുങ്ങിക്കിടക്കുന്ന കടല്‍പാമ്പുകളില്‍ നിന്ന് അകന്നുനില്‍ക്കാനും അവയെ കൈകാര്യം ചെയ്യരുതെന്നും ബീച്ചുകളില്‍ പതിച്ച നോട്ടിസുകള്‍ സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

മഞ്ഞവരയുള്ള പെലാമിസ് പ്ലാറ്ററസ് എന്ന കടല്‍പാമ്പാണ് യു.എ.ഇയിലെ സമുദ്രത്തില്‍ കാണപ്പെടുന്നത്. ശൈത്യകാലത്ത് സാധാരണയായി കാണപ്പെടുന്ന പാമ്പുകളുടെ കടിയേറ്റാല്‍ മാരകമായേക്കാം. 22 ഡിഗ്രി സെല്‍ഷ്യസ് വരെ തണുത്ത താപനിലയാണ് കടല്‍പാമ്പുകള്‍ ഇഷ്ടപ്പെടുന്നത്. തണുപ്പ് അനുഭവപ്പെടുന്ന നവംബര്‍ മുതല്‍ ഫെബ്രുവരി വരെ മാസങ്ങളില്‍ ഒട്ടേറെ കടല്‍ ജീവികള്‍ ആഴമില്ലാത്ത തീരപ്രദേശങ്ങളില്‍ ഇണചേരാനെത്തുന്നു. താപനില വീണ്ടും ഉയരുന്നതിനാല്‍ വേനല്‍ക്കാലത്ത് ആഴക്കടലിലേക്ക് ഇവ പിന്‍വാങ്ങുന്നു.

പാമ്പുകടിയേറ്റാല്‍ എത്രയും വേഗം ആശുപത്രിയില്‍ ചികിത്സ തേടേണ്ടതുണ്ട്. കടല്‍ പാമ്പുകള്‍ കടിക്കുമ്പോള്‍ അപൂര്‍വമായ വിഷം അവിടെ നിക്ഷേപിക്കുന്നു. വിഷമേറ്റാല്‍ നാഡീവ്യവസ്ഥയെ തകരാറിലാക്കുകയും രക്തം ശരിയായി കട്ടപിടിക്കുന്നത് തടയുകയും ചെയ്യും. ഓക്കാനം, ഛര്‍ദ്ദി, നാവ് കട്ടിയാകല്‍ തുടങ്ങിയ പ്രത്യാഘാതങ്ങള്‍ക്കും കാരണമായേക്കാം. വളരെ അപൂര്‍വ സന്ദര്‍ഭങ്ങളില്‍ കടിയേറ്റയാള്‍ക്ക് ജീവഹാനിയും സംഭവിക്കാം. അതേസമയം എല്ലാ കടല്‍പാമ്പുകളും വിഷമുള്ളവയാണ്. ഭയപ്പെടുമ്പോള്‍ മാത്രമേ അവര്‍ സ്വയം പ്രതിരോധത്തില്‍ ആക്രമിക്കുകയുള്ളൂ. അറിയപ്പെടുന്ന 70 ഇനം കടല്‍പാമ്പുകളില്‍ ആറോളം തരമാണ് യു.എ.ഇയിലെ സമുദ്രത്തില്‍ വസിക്കുന്നത്. രണ്ട് മീറ്റര്‍ വരെ നീളത്തില്‍ വളരുന്നവയാണിവ. അറേബ്യന്‍ ഗള്‍ഫ് കടല്‍പാമ്പ്, മഞ്ഞവരയുള്ള കടല്‍പാമ്പ്, അലങ്കരിച്ച റീഫ് കടല്‍പാമ്പ്് എന്നിവയാണ് യു.എ.ഇയില്‍ കാണുന്ന സാധാരണമായ കടല്‍പാമ്പുകള്‍.

Most Popular