Monday, April 19, 2021
Home News Kerala ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളി; അടിച്ചത് 30 കോടി രൂപ; സമ്മാനം ലഭിച്ച 11...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളി; അടിച്ചത് 30 കോടി രൂപ; സമ്മാനം ലഭിച്ച 11 പേരില്‍ പത്തും ഇന്ത്യക്കാര്‍

അബൂദബി: അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിയെ തേടി ഒന്നാം സമ്മാനം. കുവൈത്തില്‍ ജോലി ചെയ്യുന്ന നോബിന്‍ മാത്യുവിനാണ് 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടിയിലധികം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസ് ലഭിച്ചത്. ബിഎംഡബ്ല്യൂ കാറിനായുള്ള ഡ്രീം കാര്‍ സീരിസ് നറുക്കെടുപ്പിലടക്കം ഇന്ന് സമ്മാനം ലഭിച്ച 11 പേരില്‍ പത്തും ഇന്ത്യക്കാരാണ്.

കുവൈത്തിലെ സ്‌പെയര്‍ പാര്‍ട്‌സ് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന നോബിന്‍ മാത്യൂ ഓണ്‍ലൈനിലൂടെ ഒക്ടോബര്‍ 17ന് എടുത്ത 254806 നമ്പറിലുള്ള ടിക്കറ്റിനാണ് ചൊവ്വാഴ്ച 30 കോടിയുടെ ഗ്രാന്റ് പ്രൈസ് ലഭിച്ചത്. കോടീശ്വരനായി മാറിയ വിവരം ബിഗ് ടിക്കറ്റ് സംഘാടകര്‍ വേദിയില്‍ വെച്ചുതന്നെ നോബിന്‍ മാത്യുവിനെ ഫോണില്‍ വിളിച്ചറിയിച്ചു. ഇപ്പോള്‍ നറുക്കെടുപ്പ് ലൈവായി കണ്ടുകൊണ്ടിരിക്കുകയാണോ എന്ന ചോദ്യത്തിന് അല്ലായെന്നായിരുന്നു നോബിന്റെ മറുപടി.

ബി.എം.ഡബ്ല്യൂ സീരീസ് 14 നറുക്കെടുപ്പില്‍ മലയാളിയായ അനില്‍ മഠത്തിലിനാണ് സമ്മാനം ലഭിച്ചത്. 002370 എന്ന നമ്പറിലൂടെയാണ് അനിലിനെ ഭാഗ്യം തേടിയെത്തിയത്. അഞ്ച് ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് ഇന്ത്യക്കാരനായ ഗിബ്സണ്‍ ജോസ് അര്‍ഹനായി. 254806 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹം വിജയിച്ചത്. ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം മലയാളിയായ ഷീജ റോയ് എബ്രഹാമിന് (ടിക്കറ്റ് നമ്പര്‍ – 151016) ലഭിച്ചു.

90,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനം മലയാളിയായ അനില്‍ തോമസ് (ടിക്കറ്റ് നമ്പര്‍ – 108304), 80,000 ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനം ഫ്രാന്‍സിസ് കൈതാരത്ത് പൗലോ (ടിക്കറ്റ് നമ്പര്‍ – 336000) എന്നിവരാണ് നേടിയത്. ഇന്ത്യക്കാരായ വെങ്കിടേഷ് ഘാട്ടക്ക് 70,0000 ദിര്‍ഹവും, കുര്‍ബാന്‍ ബാഗു ഖാന് 60,000 ദിര്‍ഹവും സമ്മാനം കിട്ടി. 079622 നമ്പര്‍ ടിക്കറ്റെടുത്ത ഇന്ത്യക്കാരന്‍ അനില്‍ മിര്‍ചന്ദാനിക്കാണ് 50,000 ദിര്‍ഹത്തിന്റെ എട്ടാം സമ്മാനം.

ഒന്‍പതാം സമ്മാനം ലഭിച്ച മുജാഹിദ് സമാന്‍ അഹ്മദ് ആണ് ഇന്നത്തെ നറുക്കെടുപ്പില് സമ്മാനം കിട്ടിയവരില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരനല്ലാത്ത ഒരേ ഒരാള്‍. 040832 നമ്പര്‍ ടിക്കറ്റിലൂടെ 40,000 ദിര്‍ഹം നേടിയ ഇദ്ദേഹം പാകിസ്ഥാന്‍ സ്വദേശിയാണ്. മലയാളിയായ സൈനുല്‍ ആബിദീന്‍ കോയാമുന്റെ പുരക്കലിനാണ് 30,000 ദിര്‍ഹത്തിന്റെ പത്താം സമ്മാനം. 282790 എന്ന നമ്പറിലെടുത്ത ടിക്കറ്റിനാണ് അദ്ദേഹത്തിന് സമ്മാനം കിട്ടിയത്.


 

Most Popular