Saturday, May 15, 2021
Home Ediotrs Pick കളഞ്ഞുകിട്ടിയ വന്‍തുക പോലിസില്‍ ഏല്‍പ്പിച്ചു; മലയാളി യുവാവിന് ആദരം

കളഞ്ഞുകിട്ടിയ വന്‍തുക പോലിസില്‍ ഏല്‍പ്പിച്ചു; മലയാളി യുവാവിന് ആദരം

അബൂദബി: കളഞ്ഞുകിട്ടിയ വന്‍തുക അടങ്ങിയ നോട്ടുകെട്ട് പോലിസില്‍ ഏല്‍പിച്ച മലയാളി യുവാവിന് ആദരം. കോഴിക്കോട് കുറ്റ്യാടി സ്വദേശി അബ്ദുല്‍ ഹക്കീമിനെയാണ് അബൂദബി പോലിസ് ആദരിച്ചത്. അബൂദബി യാസ് ഐലന്‍ഡ് അഡ്‌നോക് പെട്രോള്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് മാനേജരായ അബ്ദുല്‍ ഹക്കീമിന് പെട്രോള്‍ പമ്പിലെ ശുചിമുറിയില്‍നിന്നാണ് വന്‍ തുകയുടെ നോട്ടുകെട്ട് ലഭിച്ചത്. സുരക്ഷാ ക്യാമറ ഇല്ലാത്ത സ്ഥലത്തുനിന്ന് പണം കളഞ്ഞു കിട്ടിയ വിവരം മറ്റാരും അറിഞ്ഞിട്ടുമില്ല. എങ്കിലും ഉടമയെ കണ്ടെത്തി തുക നല്‍കാന്‍ ഹക്കീം തീരുമാനിക്കുകയായിരുന്നു.

സ്വന്തം പണം നഷ്ടപ്പെട്ടാല്‍ ഉണ്ടാവുന്ന പ്രയാസത്തെക്കുറിച്ച് ആലോചിച്ച ഹക്കീം ഉടന്‍ തന്നെ പട്രോളിങ് പൊലീസിനെ വിവരമറിയിച്ചു. ഇവരുടെ നിര്‍ദേശപ്രകാരം യാസ് ഐലന്‍ഡിലെ പോലിസ് സ്റ്റേഷനിലെത്തി തുക കൈമാറുകയായിരുന്നു. അടുത്ത ദിവസം പോലിസ് ആസ്ഥാനത്തേക്കു വിളിപ്പിച്ച ഹക്കീമിന് ഡയറക്ടറേറ്റ് ഓഫ് എക്‌സ്റ്റേണല്‍ ഏരിയയുടെ ക്രിമിനല്‍ സുരക്ഷാവിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുബാറക് സെയ്ഫ് അല്‍ സബൗസി ഉപഹാരം സമ്മാനിച്ചു. ഇതിനകം യഥാര്‍ഥ ഉടമയെ കണ്ടെത്തി പോലിസ് തുക കൈമാറിയിരുന്നു.

തൊട്ടടുത്ത ദിവസം പെട്രോള്‍ സ്റ്റേഷനില്‍ നേരിട്ടെത്തി പണം നഷ്ടപ്പെട്ട ഇറാന്‍ സ്വദേശിയും ഹക്കമീനെ അഭിനന്ദിച്ചു. വലിയൊരു തുക തിരിച്ചുനല്‍കാന്‍ സന്മനസു ഹക്കീമിന് ഇറാന്‍കാരനും ഉപഹാരം നല്‍കി.
ALSO WATCH

Most Popular