
ദുബൈയിൽ നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി
അബൂദാബി: കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ദുബൈയില്‍ റസ്റ്റോറന്റ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ. മാസ്ക് ധരിക്കാതെ ആളുകളെ കടത്തിവിടുകയും സാമൂഹ്യ അകലം പാലിക്കുന്നതില്‍ അലംഭാവം കാട്ടിയതിനുമാണ് പിഴ ചുമത്തിയത്. ദുബൈ എക്കോണമി ഉദ്യോഗസ്ഥര്‍ ഏറ്റവും പുതുതായി നടത്തിയ 580 സ്ഥാപനങ്ങളിലെ പരിശോധനയില്‍ ചിലയിടങ്ങളില്‍ അപാകതകള്‍ കണ്ടെത്തി. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതില്‍ വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബൈ എക്കണോമി അധികൃതര്‍ അറിയിച്ചു.
ദുബൈ എക്കണോമിക്ക് ചുവടെയുള്ള ഉപഭോക്തൃ സേവന വിഭാഗം പോയവര്‍ഷം ഒന്നര ലക്ഷത്തോളം പരിശോധനകളാണ് നടത്തിയത്. കോവിഡ് വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി വാണിജ്യ വ്യവസായ കേന്ദ്രങ്ങളിലാണ് പരിശോധനകള്‍ നടന്നത്. 1,40,000 പരിശോധന ഇക്കാലയളവില്‍ നടന്നു. ഇതില്‍ ഭൂരിഭാഗം സ്ഥാപനങ്ങളും വ്യവസ്ഥകള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. ഗുരുതരമല്ലാത്ത വ്യവസ്ഥാ ലംഘനങ്ങള്‍ നടത്തിയ 424 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 1,810 സ്ഥാപനങ്ങള്‍ക്ക് താക്കീതുംനല്‍കി. ഗുരുതര ചട്ടലംഘനങ്ങള്‍ കണ്ടെത്തിയ 180 ഓളം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി.