ഇത്തിഹാദിന് പിന്നാലെ എമിറേറ്റ്‌സും; സപ്തംബര്‍ വരെ പകുതി ശമ്പളം മാത്രം

ethihad emirates salary cut

ദുബയ്: ജീവനക്കാര്‍ക്ക് ശമ്പളം വെട്ടിക്കുറച്ച നടപടി മൂന്ന് മാസം കൂടി നീട്ടിയതായി എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എയര്‍ലൈന്‍ മേഖല നേരിടുന്ന പ്രതിസന്ധിയാണ് കാരണം. സപ്തംബര്‍ 30വരെ കുറഞ്ഞ വേതനം മാത്രമേ കിട്ടൂ എന്നറിയിക്കുന്ന ഇമെയില്‍ ജീവനക്കാര്‍ക്ക് ലഭിച്ചു. ചില ജീവനക്കാര്‍ക്ക് 50 ശതമാനം വരെ ശമ്പളം കുറയും.

നേരത്തേ എമിറേറ്റ്‌സ് ഏപ്രില്‍ മുതല്‍ മൂന്ന് മാസത്തേക്ക് 25 മുതല്‍ 50 ശതമാനം വരെ ശമ്പളം വെട്ടിക്കുറക്കുന്നതായി അറിയിച്ചിരുന്നു. ദുബയ് കമ്പനിയായ എമിറേറ്റ്‌സില്‍ 60,000ഓളം ജീവനക്കാരുണ്ട്. മാതൃകമ്പനിയായ എമിറേറ്റ്‌സ് ഗ്രൂപ്പില്‍ ലക്ഷത്തോളം ജീവനക്കാരാണ് ഉള്ളത്.

വ്യാഴാഴ്ച്ച അബൂദബിയിലെ ഇത്തിഹാദ് എയര്‍വേയ്‌സും വേതനം വെട്ടിക്കുറയ്ക്കല്‍ സപ്തംബര്‍ വരെ നീട്ടിയതായി അറിയിച്ചിരുന്നു. ജൂനിയര്‍ സ്റ്റാഫുകള്‍ക്ക് 25 ശതമാനവും മാനേജര്‍ തലത്തിലും അതിന് മുകളിലും ഉള്ളവര്‍ക്ക് 50 ശതമാനവുമാണ് വേതനം കുറച്ചത്.

After Etihad, Emirates extends employees’ temporary salary cuts till September