Monday, September 27, 2021
Home Gulf UAE ടിക്കറ്റെടുത്ത് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അങ്ങിനെയൊരു വിമാനമേയില്ലെന്ന് എയര്‍ഇന്ത്യ; ഇത് വന്ദേഭാരത് മാജിക്ക്

ടിക്കറ്റെടുത്ത് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അങ്ങിനെയൊരു വിമാനമേയില്ലെന്ന് എയര്‍ഇന്ത്യ; ഇത് വന്ദേഭാരത് മാജിക്ക്

ദുബൈ: വന്ദേഭാരത് ദൗത്യത്തില്‍ നാടണയാന്‍ ടിക്കറ്റെടുത്ത് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അങ്ങിനെയൊരു വിമാനമേയില്ലെന്ന് അധികൃതര്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റില്‍ നിന്ന് ടിക്കറ്റെടുത്ത് നാട്ടിലേക്ക് തിരിക്കാന്‍ ദുബൈ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരാണ് നിരാശരായി മടങ്ങിയത്.

ടെര്‍മിനലിലേക്കുള്ള പ്രവേശനകവാടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോഴാണ് വിമാനമില്ലെന്ന വിവരം യാത്രക്കാര്‍ അറിയുന്നത്. ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട വിമാനത്തില്‍ പുറപ്പെടാനെത്തിയ യാത്രക്കാരാണ് വലഞ്ഞത്. ഇങ്ങനൊരു വിമാനം ഷെഡ്യൂള്‍ ചെയ്തിട്ടില്ലെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതരുടെ വിശദീകരണം. എന്നാല്‍, ഷെഡ്യൂള്‍ ചെയ്യാത്ത വിമാനത്തിന്റെ ടിക്കറ്റ് ഓണ്‍ലൈനില്‍ ലഭ്യമായത് എങ്ങിനെ എന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്.

ശനിയാഴ്ച ഉച്ചക്ക് 12.10നുള്ള IX-1344 വിമാനത്തില്‍ യാത്ര ചെയ്യാനാണ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയത്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വില്‍പന തുടങ്ങിയ ജൂണ്‍ 28ന് രാത്രി തന്നെ ടിക്കറ്റെടുത്തവരായിരുന്നു യാത്രക്കാരില്‍ മിക്കവരും.

എന്നാല്‍, ടെര്‍മിനലിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ടിക്കറ്റ് പരിശോധിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞു. ഇങ്ങനൊരു വിമാനം ഷെഡ്യൂള്‍ ചെയ്തിട്ടില്ലെന്നും അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് യാത്രക്കാര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫിസിനെ സമീപിച്ചു. നാലാം തീയതി വിമാനം ഷെഡ്യൂള്‍ ചെയ്തിട്ടില്ലെന്നും അഞ്ചിനാണ് ഈ വിമാനം പുറപ്പെടുന്നത് എന്നുമായിരുന്നു മറുപടി.

ബുക്ക് ചെയ്ത പലര്‍ക്കും കണ്‍ഫര്‍മേഷന്‍ മെസേജ് വന്നിട്ടില്ലെങ്കിലും ടിക്കറ്റ് ലഭിച്ചിരുന്നു. എന്നാല്‍, ചിലര്‍ക്ക് കണ്‍ഫേമേഷന്‍ മെസേജ് വന്നിരുന്നു. ഇന്നത്തെ വിമാനത്തില്‍ യാത്രയാക്കാമെന്നാണ് നിലവില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരിക്കുന്നത്.

Most Popular