Sunday, July 25, 2021
Home Gulf UAE വിവാഹത്തിനായി നാട്ടിലേക്ക് പുറപ്പെടാനിരുന്ന അഫ്‌സല്‍ അപകടത്തിന്റെ വായില്‍ നിന്ന് രക്ഷപ്പെട്ടത് 10 മിനിറ്റിന്റെ വ്യത്യാസത്തില്‍

വിവാഹത്തിനായി നാട്ടിലേക്ക് പുറപ്പെടാനിരുന്ന അഫ്‌സല്‍ അപകടത്തിന്റെ വായില്‍ നിന്ന് രക്ഷപ്പെട്ടത് 10 മിനിറ്റിന്റെ വ്യത്യാസത്തില്‍

ദുബൈ: കണ്ണൂര്‍ സ്വദേശിയായ അഫ്‌സല്‍ പി കെ ഇന്നലെ കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തില്‍ യാത്ര ചെയ്യേണ്ടതായിരുന്നു. എന്നാല്‍, 10 മിനിറ്റ് വൈകിയത് കാരണം അഫ്‌സലിന് വിമാനത്തില്‍ കയറാനായില്ല. നീണ്ട കാത്തിരിപ്പിനു ശേഷം നാട്ടിലേക്കുള്ള മടക്കം മുടങ്ങിയത് നെഞ്ചു തകര്‍ത്തെങ്കിലും പിന്നീട് അപകട വിവരമറിഞ്ഞപ്പോഴാണ് തന്റെ ജീവിതത്തിലെ ഏറ്റവും ഭാഗ്യമുള്ള ദിവസമായിരുന്നു ഇന്നലെയെന്ന് അഫ്‌സലിന് മനസ്സിലായത്.

കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിലെ യാത്രക്കാരില്‍ 19 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. നിരവധി പേര്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലുമാണ്.

അബൂദബിയില്‍ ഈത്തപ്പഴ മാര്‍ക്കറ്റില്‍ ജീവനക്കാരനായ മട്ടന്നൂര്‍ പെരിയാട്ടില്‍ സ്വദേശി പാറമ്മല്‍ അഫ്‌സലും അപകടത്തില്‍പ്പെട്ട വന്ദേഭാരത് വിമാനത്തില്‍ യാത്ര ചെയ്യേണ്ടതായിരുന്നു. എന്നാല്‍, അവസാന നിമിഷം ഇമിഗ്രേഷന്‍ കൗണ്ടറില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.

വിവാഹമുറപ്പിച്ച് നാട്ടിലേക്ക് പോകുന്നതിന്റെ ആവേശത്തിലായിരുന്നു ഞാന്‍. ദുബൈ എയര്‍പോര്‍ട്ടില്‍ നേരത്തേ തന്നെ എത്തിയിരുന്നു. ബാഗേജുകള്‍ ചെക്ക് ഇന്‍ ചെയ്ത എനിക്ക് ബോര്‍ഡിങ് പാസ് കിട്ടുകയും ചെയ്തു. എന്നാല്‍, വിസയുടെ കാലാവധി കഴിഞ്ഞ എനിക്ക് കോവിഡ് കാരണം പുതുക്കാന്‍ കഴിഞ്ഞിരുന്നില്ല. വിമാനത്തില്‍ കയറും മുമ്പ് 1000 ദിര്‍ഹം പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, എന്റെ കൈയില്‍ 500 ദിര്‍ഹം മാത്രമേ ഉണ്ടായിരുന്നുള്ളു. തുടര്‍ന്ന് വിമാനത്താവളത്തിനടുത്ത് താമസിക്കുന്ന സുഹൃത്തിനെ വിളിച്ച് 500 ദിര്‍ഹം എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു- അഫ്‌സല്‍ വിവരിച്ചു.

സുഹൃത്ത് 1.35നാണ് വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍, 1.25ന് ബോര്‍ഡിങ് ഗേറ്റ് അടച്ചതായി വിമാന ജീവനക്കാര്‍ അറിയിച്ചു. ഞാന്‍ ഒരുപാട് അപേക്ഷിച്ചെങ്കിലും സമ്മതിക്കാന്‍ തയ്യാറായില്ല. ഹൃദയം തകര്‍ന്ന ഞാന്‍ നാട്ടിലുള്ള ഉമ്മയെ വിളിച്ചു. എല്ലാം നല്ലതിനായിരിക്കുമെന്നു പറഞ്ഞ് ഉമ്മ ആശ്വസിപ്പിച്ചു.

തുടര്‍ന്ന് തന്റെ ബാഗേജ് തിരിച്ചിറിക്കി. പണം നല്‍കാന്‍ വന്ന സുഹൃത്തിനൊപ്പം റൂമിലേക്ക് മടങ്ങി. മണിക്കൂറുകള്‍ക്ക് ശേഷം വൈകീട്ട് 7 മണിയോടെ മറ്റൊരു സുഹൃത്ത് വിളിച്ചാണ് വിമാന അപകടത്തെക്കുറിച്ച് പറയുന്നത്. ഞാനും ആ വിമാനത്തിലുണ്ടാവും എന്ന ആശങ്കയോടെയാണ് അവന്‍ വിളിച്ചത്. ടിവി ഓണാക്കി നോക്കിയപ്പോഴാണ് ഞെട്ടിപ്പോയത്. വിമാന ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു അപ്പോള്‍ ടിവിയിലുണ്ടായിരുന്നതെന്ന് അഫ്‌സല്‍ പറഞ്ഞു.

വലിയ ദുരന്തത്തില്‍ നിന്ന് രക്ഷിച്ച അല്ലാഹുവിന് നന്ദി. ഭാഗ്യവും ഉമ്മയുടെ പ്രാര്‍ഥനയുമാണ് ഈ ദുരന്തത്തില്‍ നിന്നെന്നെ രക്ഷിച്ചത്. അടുത്തയാഴ്ച്ച നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ് താനെന്നും അഫ്‌സല്‍ പറഞ്ഞു.

കാഞ്ഞങ്ങാട് സ്വദേശിനിയുമായി ഉറപ്പിച്ച വിവാഹത്തിനായിരുന്നു അഫ്സല്‍ നാട്ടില്‍ വരാനിരുന്നത്. കഴിഞ്ഞവര്‍ഷമാണ് അബൂദബിയില്‍ അഫ്സല്‍ ജോലിക്ക് എത്തുന്നത്.

Air India Express crash: UAE expat who was ready to board flight cheated death by 10 minutes

Most Popular