Tuesday, May 18, 2021
Home Gulf UAE ഇന്ത്യയിലേക്ക് തിരിക്കുന്നവർക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ

ഇന്ത്യയിലേക്ക് തിരിക്കുന്നവർക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ

ദുബായ്: ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്കായി പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ. ഇന്ത്യയിലേക്കുള്ള എല്ലാ യാത്രക്കാരും എയര്‍ സുവിധ പദ്ധതിയുടെ കീഴില്‍ തങ്ങളുടെ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെയാണ് നല്‍കേണ്ടത്. ഇന്ത്യയിലേക്ക് തിരിക്കുന്നവര്‍ വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പായി നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം. ന്യൂദല്‍ഹി വിമാനത്താവളത്തിന്റെ വെബ്സൈറ്റിലുള്ള ഈ സൗകര്യം യാത്രക്കാര്‍ ഉപയോഗിക്കണമെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി. യാത്രക്ക് മുമ്പ് ടെര്‍മിനലില്‍ അവസാന നിമിഷം ഉണ്ടായേക്കാവുന്ന തിക്കുംതിരക്കും ഒഴിവാക്കാനാണ് ഇത്തരത്തില്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചതെന്ന് എയര്‍ ഇന്ത്യ വെളിപ്പെടുത്തി.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മതിയായ ജാഗ്രത വരുത്തണമെന്ന് എല്ലാ ട്രാവല്‍ ഏജന്‍സികളോടും അറിയിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റ് സൗകര്യവും ഇല്ലാത്ത സാധാരണക്കാരായ യാത്രക്കാരെ ഈ വിഷയത്തില്‍ സഹായിക്കണമെന്നും ട്രാവല്‍ ഏജന്‍സികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ഇന്ത്യയിലേക്ക് തിരിക്കുന്നവര്‍ യാത്രയുടെ 72 മണിക്കൂര്‍ മുമ്പായി ഹോം ക്വാറന്റൈന്‍ സൗകര്യം സംബന്ധിച്ച് ഒരു ഓണ്‍ലൈന്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതുണ്ട്. വിമാനത്താവളങ്ങളിലെ ബന്ധപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളില്‍ നേരിട്ടും ഇത് സമര്‍പ്പിക്കാം. അതാത് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിര്‍ദ്ദേശ പ്രകാരം 14 ദിവസ നിര്‍ബന്ധിത നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ സമ്മതമാണെന്ന് കാണിച്ച് വ്യോമയാന മന്ത്രാലയത്തിനാണ് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്.

അതോടൊപ്പം ഇന്ത്യയില്‍ നിന്നും ദുബായിലേക്ക് വിസിറ്റ്, ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ കാലാവധി കഴിയാത്ത മടക്കടിക്കറ്റ് നിര്‍ബന്ധമായും കരുതിയിരിക്കണമെന്നും എയര്‍ ഇന്ത്യ ഓര്‍മിപ്പിച്ചു. സന്ദര്‍ശന വിസയിലോ ടൂറിസ്റ്റ് വിസയിലോ ദുബായിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് സാധുവായ റിട്ടേണ്‍ ടിക്കറ്റ് കൈവശമുണ്ടെങ്കില്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. റിട്ടേണ്‍ ടിക്കറ്റില്ലാതെ പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ നിന്നും എത്തിയ നിരവധി പേര്‍ ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു.

Most Popular