ദുബൈ: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രധാന വിമാനത്താവളങ്ങളിലേക്കെല്ലാം ടിക്കറ്റ് നിരക്ക് വന്‍തോതില്‍ കുറഞ്ഞു. ബംഗളൂരു, കൊച്ചി വിമാനത്താവളങ്ങളിലേക്ക് 300 മുതല്‍ 500 ദിര്‍ഹം വരെയാണ് ഇപ്പോള്‍ ടിക്കറ്റ് നിരക്ക്. ആഴ്ച്ചകള്‍ക്ക് മുമ്പ് ഇത് 1,300 മുതല്‍ 1,500 വരെയായിരുന്നു.
ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ എണ്ണം വര്‍ധിച്ചതാണ് ടിക്കറ്റ് നിരക്ക് കുറയാന്‍ ഇടയാക്കിയതെന്ന് അബൂദബിയിലെ പ്രമുഖ ട്രാവല്‍ ഏജന്റ് പറഞ്ഞു. വന്ദേഭാരത് ഉള്‍പ്പെടെ 270 വിമാനങ്ങളാണ് ഈ മാസം യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കു പറക്കുന്നത്.
അതേ സമയം, ഭൂരിഭാഗം സംസ്ഥാനങ്ങളും യാത്രക്കാര്‍ക്കുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്തിട്ടുണ്ട്. തമിഴ്നാടും പശ്ചിമ ബംഗാളും ഒഴികെ ഒരു സംസ്ഥാനത്തും നിലവില്‍ വിദേശത്തു നിന്നെത്തുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റ് ആവശ്യമില്ല. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും പ്രവാസികളുടെ ക്വാറന്റീന് എഴ് ദിവസമാക്കി ചുരുക്കിയിട്ടുണ്ട്.
നിരക്ക് കുറയുകയും നിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്തിട്ടും നാട്ടിലേക്കുള്ള ടിക്കറ്റിന് ആവശ്യക്കാര്‍ കുറവാണെന്ന് ട്രാവല്‍ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഗള്‍ഫ് നാടുകളില്‍ കോവിഡ് നിരക്ക് കുറഞ്ഞതും ഇന്ത്യയില്‍ നിയന്ത്രണാതീതമായി രോഗികള്‍ വര്‍ധിക്കുന്നതും ഇതിനൊരു കാരണമാണെന്നാണ് വിലയിരുത്തല്‍.