Sunday, September 26, 2021
Home Gulf UAE മലയാളികള്‍ ഒന്നരമാസം പട്ടിണിയിലെന്ന് വാര്‍ത്ത; ദുബയില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘവും ഇടത് സംഘടനാ ഭാരവാഹികളും അറസ്റ്റില്‍

മലയാളികള്‍ ഒന്നരമാസം പട്ടിണിയിലെന്ന് വാര്‍ത്ത; ദുബയില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘവും ഇടത് സംഘടനാ ഭാരവാഹികളും അറസ്റ്റില്‍

ദുബയ്: വ്യാജവാര്‍ത്തയുടെ പേരില്‍ ദുബയില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘവും സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയേറ്റേഴ്സ് ഭാരവാഹികളും അറസ്റ്റില്‍. അബൂദബി നഗരമധ്യത്തില്‍ തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ കഴിഞ്ഞ ഒന്നരമാസമായി പട്ടിണിയില്‍ എന്ന വാര്‍ത്ത നല്‍കിയതാണ് ഏഷ്യാനെറ്റിനും ശക്തി തിയേറ്റര്‍ ഭാരവാഹികള്‍ക്കും കുരുക്കായത്. ഏഷ്യാനെറ്റ് ന്യൂസ് ദുബയ് ക്യാമറാമാനും ശക്തി തിയേറ്റേഴ്സ് ഭാരവാഹികളും ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്.

ശക്തി തീയറ്റേഴ്സ് മീഡിയ സെക്രട്ടറി ജസ്റ്റില്‍ തോമസ്, ശക്തി തീയറ്റേഴ്സ് പ്രസിഡന്റ് അന്‍സാരി, ഏഷ്യാനെറ് ന്യൂസ് ക്യാമറാമാന്‍ സുജിത്ത് സുന്ദരേശന്‍, ഏഷ്യാനെറ്റ് ന്യൂസിലെ പ്രസാദ്, ടി വി യില്‍ പ്രതികരിച്ച തൊഴിലാളി എന്നിവരാണ് അറസ്റ്റിലായത്. ശക്തി ഭാരവാഹികള്‍ ഒരാഴ്ച മുന്‍പ് അറസ്റ്റിലായിരുന്നു. ഇന്നലെ അര്‍ധരാത്രിയിലാണ് എഷ്യാനെറ്റ് സംഘം ദുബയിലെ ഫ്ളാറ്റില്‍ അറസ്റ്റിലായത്. ദുബയ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവരെ അബൂദബി പൊലീസിനു നാളെ കൈമാറും. അറസ്റ്റിനു വഴിവച്ചത് ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയും സിപിഎം പ്രവാസി സംഘടനയായ ശക്തി തിയേറ്റേഴ്സും തമ്മിലുള്ള വടംവലിയാണ് എന്നാണു ലഭിക്കുന്ന സൂചന.

ശക്തി തിയേറ്റേഴ്സ് പ്രവര്‍ത്തകര്‍ വിളിച്ചു പറഞ്ഞ പ്രകാരമാണ് ഏഷ്യനെറ്റ് സംഘം സ്ഥലത്തെത്തി വാര്‍ത്ത നല്‍കിയത്. ഇതാണ് അറസ്റ്റിന് വഴിവച്ചത്. വിസിറ്റിങ് വിസയില്‍ യുഎയില്‍ എത്തി മൂന്നു മാസം തെരുവോരത്ത് തങ്ങി മടങ്ങിപ്പോകുന്ന മത്സ്യത്തൊഴിലാളികളെ കുറിച്ചുള്ള വാര്‍ത്തയാണ് വിവാദമായത്. സ്ഥിരമായി കടലില്‍ പോകുന്ന മീന്‍ പിടുത്ത തൊഴിലാളികള്‍ മരച്ചുവട്ടില്‍ വിശ്രമിക്കുന്നതാണ് വാര്‍ത്തയാക്കി പ്രചരിപ്പിച്ചത്. മലപ്പുറത്ത് നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള സംഘമാണിത്. കൊറോണയില്‍ കുടുങ്ങി വഴിയാധാരമായവര്‍ എന്ന വ്യാഖ്യാനത്തോടൊപ്പം ഒന്നരമാസമായി പട്ടിണിയിലാണെന്നും വാര്‍ത്തയിലുണ്ടായിരുന്നു.

നോമ്പ് കാലം ഉള്‍പ്പെടെയുള്ള ഒന്നരമാസം ഒരുസംഘം പ്രവാസികള്‍ പട്ടിണി കിടന്നു എന്ന വാര്‍ത്ത അവിശ്വസനീമായി തോന്നിയതോടെയാണ് അബൂദബി അധികൃതര്‍ ഇടപെട്ടത്. ഒരാഴ്ച മുന്‍പാണ് ഈ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയത്. ഈ വാര്‍ത്തയുടെ അറബിക് ട്രാന്‍സ്ലേഷന്‍ ചിലര്‍ അബൂദബി അധികൃതര്‍ക്ക് നല്‍കുകയായിരുന്നു. ഒരാഴ്ച്ച മുമ്പ് അറസ്റ്റിലായ സംഘടനാ ഭാരവാഹികള്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ല.

സിപിഎം പ്രവാസി സംഘടനക്കാര്‍ക്ക് ജാമ്യം ലഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരിട്ടിടപെട്ടിട്ടുണ്ട്. പ്രമുഖ പ്രവാസി വ്യവസായിയുടെ സഹായമാണ് തേടിയിരിക്കുന്നത്. വാര്‍ത്ത റിപോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് റിപോര്‍ട്ടര്‍ അരുണ്‍ കേരളത്തിലാണ്. നാട്ടിലിരുന്ന് കൊണ്ടാണ് ശക്തി ഭാരവാഹികള്‍ നല്‍കിയ വിവരപ്രകാരം വാര്‍ത്ത നല്‍കിയത്. അരുണ്‍ ദുബയില്‍ എത്തിയാല്‍ അറസ്റ്റിലാകും എന്നാണ് ലഭിക്കുന്ന വിവരം. അറസ്റ്റ് വിവരം അറിഞ്ഞു ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമയായ രാജീവ് ചന്ദ്ര ശേഖര്‍ എം പി ഇടപെട്ടു കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദത്തിനു ശ്രമിക്കുന്നുണ്ട്.

വാര്‍ത്ത വന്നതിനു പിന്നാലെ ഈ സംഘത്തിലെ ഒരാളെ ശക്തി തിയേറ്റേഴ്സ് അധികൃതര്‍ ടിക്കറ്റ് നല്‍കി നാട്ടിലേക്ക് വിട്ടിരുന്നു. മറ്റു പ്രവാസി സംഘടനകളും ഇവര്‍ക്ക് തിരിച്ചു പോക്കിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. കെഎംസിസിക്ക് ശക്തമായ സ്വാധീനമുള്ള സ്ഥലമാണ് അബൂദബി. തങ്ങളുടെ തട്ടകത്തില്‍ കയറി മറ്റു സംഘടനകള്‍ കളിക്കുന്നത് മനസ്സിലാക്കിയാണ് കെഎംസിസി ഇതിന് പിന്നാലെ കൂടിയത്. സംഭവം അന്വേഷിച്ച് ഇറങ്ങിയപ്പോള്‍ വാര്‍ത്തയില്‍ പതിരില്ല എന്ന് മനസിലാക്കുകയായിരുന്നു. ഇതോടെയാണ് വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നാണ് വിവരം.

asianet-news-team-arrested-in-dubai


 

Most Popular