അബൂദാബി: യു.എ.ഇയിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ ശൃംഖലയായ സെഹ തലസ്ഥാന എമിറേറ്റിലെ എല്ലാ താമസക്കാര്‍ക്കും സൗജന്യമായി പകര്‍ച്ചപ്പനി വാക്സിനേഷന് നല്‍കും. സെഹയുടെ കീഴിലുള്ള എല്ലാ ആരോഗ്യ സൗകര്യങ്ങളിലും സീസണല്‍ ഇന്‍ഫ്ലുവന്‍സ വാക്സിന് നല്‍കുമെന്ന് അറിയിച്ചു. യു.എ.ഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം, അബൂദാബി ആരോഗ്യവകുപ്പ്, അബൂദാബി പബ്ലിക് ഹെല്‍ത്ത് സെന്ററും കൂടി സംയുക്തമായി ആരംഭിച്ച ‘സ്വയം സുരക്ഷിതമാകൂ, സമൂഹത്തെ സംരക്ഷിക്കൂ’ എന്ന പൊതുജനാരോഗ്യ കാമ്പയിനിന്റെ ഭാഗമായാണ് പകര്‍ച്ചപ്പനി കുത്തിവെപ്പ് സൗജന്യമായി നല്‍കുന്നത്.സീസണല്‍ ഇന്‍ഫ്ലുവന്‍സ തടയുന്നതില്‍ പ്രതിരോധ കുത്തിവെപ്പിന്റെ അവിഭാജ്യ പങ്കിനെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സംയുക്ത കാമ്പയിന് നടക്കുന്നത്. ആരോഗ്യമേഖലയിലെ ജീവനക്കാര്‍ രോഗപ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യം പരമാവധി ജനങ്ങളിലെത്തിക്കും.
തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഡ്രൈവ്-ത്രൂ ഓപ്ഷന് സൗകര്യവും ലഭ്യമാണ്. ആവശ്യമെങ്കില്‍ അബൂദാബി, അല്‍ഐന്‍ എന്നിവിടങ്ങളിലെ താമസക്കാരുടെ വീടുകളിലെത്തിയും കുത്തിവെപ്പ് നടത്തും. വാക്സിന് കുത്തിവെപ്പിന് ജീവനക്കാര്‍ക്ക് സേവനം വീട്ടില്‍ ലഭ്യമാക്കും. രോഗപ്രതിരോധ കുത്തിവെപ്പ് നടത്തുന്ന ആളുകളുടെ എണ്ണം കണക്കിലെടുക്കാതെ സേവനത്തിന് ഒരു വീടിന് 500 ദിര്‍ഹമാണ് ഫീസ് ഈടാക്കുക. താല്പര്യമുള്ളവര്ക്ക് 02 711 7117 എന്ന നമ്പറില്‍ വിളിച്ച് അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാം. അബൂദാബിയില്‍ 056 4103180, അല്‍ഐനില്‍ 056 2187886 എന്നീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
വാക്സിന് സ്വീകരിക്കുന്നതിന് ആരോഗ്യ കേന്ദ്രങ്ങളിലെ സന്ദര്‍ശനത്തിനുള്ള സമയം ബുക്ക് ചെയ്യാന്‍ 80050 എന്ന സെഹയുടെ കാള്‍ സെന്ററില്‍ വിളിക്കാം. കോവിഡ്-19 ടെസ്റ്റിനായി സെഹയുടെ ഏതെങ്കിലും സൗകര്യങ്ങള്‍ സന്ദര്‍ശിക്കുന്ന രോഗികള്‍ക്ക് പകര്‍ച്ചപ്പനി വാക്സിന് എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കും. കാവിഡ് വ്യാപന വേളയില്‍ സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും വാക്സിന് എളുപ്പത്തിലും സുരക്ഷിതമായും ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്കരിച്ചതായി സെഹ ആംബുലേറ്ററി ഹെല്‍ത്ത് കെയര്‍ സര്‍വിസസ് ചീഫ് ഓപറേഷന്‍സ് ഓഫിസര്‍ ഡോ. നൂറ അല്‍ ഗെയ്തി ചൂണ്ടിക്കാട്ടി. പശ്ചിമ അബൂദാബിയില്‍ വീടുകളിലെത്തി വാക്സിനേഷന് നല്കല് കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു.