Saturday, May 15, 2021
Home Newsfeed ഷാർജയിൽ വൈദ്യുതി-ജല-പാചകവാതക ബില്ലടയ്ക്കാനുള്ള തീയതി നീട്ടി

ഷാർജയിൽ വൈദ്യുതി-ജല-പാചകവാതക ബില്ലടയ്ക്കാനുള്ള തീയതി നീട്ടി

ഷാര്‍ജ: വൈദ്യുതി-ജല-പാചകവാതക ബില്ല് പിഴ കൂടാതെ ബില്ലടയ്ക്കാനുള്ള കാലാവധി ഒരു മാസത്തേയ്ക്ക് നീട്ടിക്കൊണ്ട് ഷാര്‍ജ ഇലക്ട്രിസിറ്റി, വാട്ടര്‍ ആന്‍ഡ് ഗ്യാസ് അതോറിറ്റി(സേവ) ഉത്തരവിട്ടു. 1000 ദിര്‍ഹത്തില്‍ താഴെ ബില്ല് അടയ്ക്കാനുള്ളവര്‍ക്ക് ഒരു മാസവും 1000ത്തില്‍ കൂടുതല്‍ അടയ്ക്കാനുള്ളവര്‍ക്ക് 15 ദിവസവുമാണ് നീട്ടി നല്‍കിയത്. നേരത്തെ, പിഴ കൂടാതെ, പണമടയ്ക്കുന്നതിന് 7 ദിവസമായിരുന്നു ഗ്രേസ് പിരിയഡ് നല്‍കിയിരുന്നത്. ഉപയോക്താക്കളില്‍ നിന്നു നിരന്തരം അപേക്ഷ ലഭിച്ചതിനെ തുടര്‍ന്നാണ് ഇളവ് അനുവദിച്ചതെന്നു സേവ സബ് ക്രൈബര്‍ സര്‍വീസ് വിഭാഗം ഡയറക്ടര്‍ ഹമദ് താഹിര്‍ അല്‍ ഹജ്ജ് പറഞ്ഞു.

അതേസമയം ഓരോ ഏരിയ തിരിച്ചു നാലു ഘട്ടങ്ങളില്‍ മീറ്റര്‍ റീഡ് ചെയ്താണു സേവ ബില്ലുകള്‍ നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ എല്ലാ മാസവും 7ന് ബില്ല് നല്‍കുന്നു. പിഴ കൂടാതെ ഈ ബില്ല് അടയ്ക്കാന്‍ അതേ മാസം 21 വരെ സമയമുണ്ട്. 14നാണു രണ്ടാമത്തെ ഘട്ടം. എന്നാല്‍ ഈ ബില്ല് അടയ്‌ക്കേണ്ട അവസാന തീയതി അടുത്ത മാസം ഒന്നാണ്. മൂന്നാം ഘട്ടത്തില്‍ 21ന് ബില്ലുകള്‍ നല്‍കുന്നു. അടുത്തമാസം 7 ആണ് അവസാന തിയതി. നാലാം ഘട്ടത്തിലെ ബില്ല് 28നാണ് നല്‍കുക. ഇത് പിഴ കൂടാതെ അടയ്ക്കാന്‍ അടുത്ത മാസം 14 വരെ സമയം അനുവദിക്കുന്നു. കാലാവധിക്കു ശേഷം പണമടയ്ക്കുന്നവര്‍ക്ക് 25 ദിര്‍ഹമാണ് പിഴ ഈടാക്കാറുള്ളത്. എന്നാല്‍ 300 ദിര്‍ഹത്തില്‍ കൂടാത്തവര്‍ക്ക് പിഴ ചുമത്തില്ല. വിവരങ്ങള്‍ക്ക്: സേവ വെബ്‌സൈറ്റ്, സ്മാര്‍ട് ആപ്ലിക്കേഷന്‍ സന്ദര്‍ശിക്കുക. ഫോണ്‍: 991.

Most Popular