Monday, May 10, 2021
Home Gulf UAE കോടികളുടെ തിരിമറിയെ തുടര്‍ന്ന് മുങ്ങിയ ബിആര്‍ ഷെട്ടി യുഎഇയിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു

കോടികളുടെ തിരിമറിയെ തുടര്‍ന്ന് മുങ്ങിയ ബിആര്‍ ഷെട്ടി യുഎഇയിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു

ദുബൈ: വമ്പന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായി നാടുവിട്ട ഇന്ത്യന്‍ വ്യവസായിയും എന്‍എംസി ഹെല്‍ത്ത് ചെയര്‍മാനുമായിരുന്ന ബി ആര്‍ ഷെട്ടി വീണ്ടും യുഎഇയിലേക്ക് മടങ്ങാനൊരുങ്ങുന്നു. ഷെട്ടി തന്നെയാണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്. യുഎഇയിലെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ഉടന്‍ മടങ്ങുമെന്നും ഇന്ത്യയിലുള്ള ഷെട്ടി അറിയിച്ചു.

യുഎഇ അധികൃതരെ സത്യം ബോധ്യപ്പെടുത്തനാവുമെന്നാണ് പ്രതീക്ഷയെന്ന് ഷെട്ടി പറയുന്നു. കമ്പനിക്കും ജീവനക്കാര്‍ക്കും ഓഹരി ഉടമകള്‍ക്കുമുണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കും. താന്‍ യുഎഇയില്‍നിന്ന് മുങ്ങിയതല്ലെന്ന് ഷെട്ടി അവകാശപ്പെട്ടു. രോഗിയായ സഹോദരനെ സന്ദര്‍ശിക്കാനാണ് ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയത്. അദ്ദേഹം മാര്‍ച്ചില്‍ മരിച്ചു. എന്‍എംസിയിലും ഫിനാബ്ലറിലും എന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റ് കമ്പനികളിലും നടന്ന ക്രമക്കേടുകളെ കുറിച്ച് അന്വേഷിച്ചിരുന്നു.

തട്ടിപ്പ് നടത്തിയത് ആരൊക്കെയാണെന്ന് ബോധ്യമായി. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കൂടിയാണ് യുഎഇയിലേക്ക് പോകുന്നതെന്നാണ് ഷെട്ടിയുടെ അവകാശവാദം. ഇപ്പോള്‍ ഇന്ത്യയിലുള്ള തട്ടിപ്പുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കിയിട്ടുണ്ടെന്നും ഷെട്ടി പറഞ്ഞു. തട്ടിപ്പ് നടത്തിയെന്നാരോപിച്ച് മലയാളി സഹോദരന്‍മാരും ഷെട്ടിയുടെ സ്ഥാപനത്തിലെ സീനിയര്‍ ഉദ്യോഗസ്ഥരുമായിരുന്നു പ്രശാന്ത് മങ്ങാട്ടിനും പ്രമോദ് മങ്ങാട്ടിനുമെതിരെ ഷെട്ടി ഇന്ത്യയില്‍ പരാതി നല്‍കിയിരുന്നു.

ഇന്ത്യന്‍ ബാങ്കുകള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നായിരുന്നു ഷെട്ടിയുടെ ആരോപണം. കോടിക്കണക്കിന് രൂപയുടെ കടബാധ്യത കേസ് വന്നതിന് പിന്നാലെയാണ് ബിആര്‍ ഷെട്ടി യുഎഇ വിട്ടത്. ഇതോടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ സ്വത്ത് യുഎഇ മരവിപ്പിച്ചിരുന്നു. യുഎഇയിലെ പ്രമുഖ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് വ്യാജരേഖകള്‍ കാണിച്ച് ഷെട്ടിയുടെ സ്ഥാപനം കടമെടുത്തത്. ഷെട്ടിയുടെ ഭാര്യയെ എന്‍എംസിയുടെ ചുമതലയില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

Most Popular