Saturday, September 25, 2021
Home Gulf UAE കോവിഡ് നിയമം ലംഘിച്ച് പാര്‍ട്ടി; നടിയെ ദുബൈ പോലിസ് അറസ്റ്റ് ചെയ്തു

കോവിഡ് നിയമം ലംഘിച്ച് പാര്‍ട്ടി; നടിയെ ദുബൈ പോലിസ് അറസ്റ്റ് ചെയ്തു

ദുബൈ: കോവിഡ് ചട്ടം ലംഘിച്ചതിന് അറബ് ചലച്ചിത്ര താരത്തെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഇവര്‍ ദുബയിലെ രണ്ട് റസ്റ്ററന്റുകളിലായി ജന്മദിന പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായി പൊലീസ് പറഞ്ഞു. അടച്ചിട്ട സ്ഥലത്ത് ഇത്തരത്തില്‍ ഒട്ടേറെ ആളുകള്‍ പങ്കെടുക്കുന്നത് യുഎഇ അറ്റോര്‍ണി ജനറല്‍ 2020ല്‍ പാസ്സാക്കിയ 38ാം നമ്പര്‍ തീരുമാനത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കി. ഇവര്‍ക്ക് പിഴ ചുമത്തുമെന്നും അറിയിച്ചു.

ജന്മദിന പാര്‍ട്ടികള്‍ നടത്തിയത് മാത്രമല്ല, അതിന്റെ വിഡിയോ നടി തന്റെ സ്‌നാപ്ചാറ്റ് അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് വിഡിയോയില്‍ ദൃശ്യമാണെന്ന് ദുബൈ പൊലീസ് സിഐഡി ഡയറക്ടര്‍ ബ്രി.ജമാല്‍ സാലെം അല്‍ ജല്ലാഫ് പറഞ്ഞു.

ഇത്തരത്തില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്നവര്‍ക്കും ഇതിലേയ്ക്ക് ആളുകളെ ക്ഷണിക്കുന്നവര്‍ക്കും 10,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അല്‍ ജല്ലാഫ് വ്യക്തമാക്കി.

Most Popular