Sunday, September 26, 2021
Home Gulf UAE കോവിഡ് രോഗികളെ പരിചരിക്കുന്ന തിരക്കിനിടയില്‍ മലയാളി നഴ്‌സിന് പിറന്നാള്‍ കേക്ക് സമ്മാനിച്ച് സഹപ്രവര്‍ത്തകരുടെ സര്‍പ്രൈസ്

കോവിഡ് രോഗികളെ പരിചരിക്കുന്ന തിരക്കിനിടയില്‍ മലയാളി നഴ്‌സിന് പിറന്നാള്‍ കേക്ക് സമ്മാനിച്ച് സഹപ്രവര്‍ത്തകരുടെ സര്‍പ്രൈസ്

ദുബയ്: അത്യാഹിത വിഭാഗത്തില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന തിരക്കിനിടയില്‍ പിറന്നാള്‍ മറന്ന മലയാളി നഴ്‌സിന് സര്‍പ്രൈസുമായി സഹപ്രവര്‍ത്തകര്‍. അബൂദബിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ തിരുവനന്തപുരം സ്വദേശി അഞ്ജു അംബിദാസിനാണ് പിപിഇയിലെത്തിയ സഹപ്രവര്‍ത്തകര്‍ പിറന്നാള്‍ കേക്ക് സമ്മാനിച്ചത്.

കൊറോണവ്യാപനത്തെ തുടര്‍ന്ന് നിരവധി പേരാണ് അബുദാബിയിലെ വിപിഎസ്-മെഡിയോര്‍ ആശുപത്രിയില്‍ പരിശാധനയ്ക്കും അഡ്മിറ്റ് ആകാനുമായി എത്തുന്നത്. രോഗം സ്ഥിരീകരിച്ച് അത്യാഹിത വിഭാഗത്തില്‍ എത്തുന്നവര്‍ക്ക് അടിയന്തര പരിചരണം നല്‍കുന്നതടക്കമുള്ള ചുമതലകളാണ് ആഴ്ചകളായി അഞ്ജു നിര്‍വഹിക്കുന്നത്. പത്തു മണിക്കൂര്‍ വരെ നീളുന്ന ജോലി സമയത്തിനിടെ പിറന്നാള്‍ ആഘോഷത്തെപ്പറ്റിയൊന്നും അഞ്ജു ഓര്‍ത്തിരുന്നില്ല.

ജോലിക്കിടെ ഒരു ബോക്സുമായി സഹപ്രവര്‍ത്തകര്‍ വരുന്നത് കണ്ടപ്പോള്‍ ആദ്യം എന്താണ് സംഗതിയെന്ന് മനസിലായില്ല. കൊണ്ടുവന്നവര്‍ തന്നെ അത് തുറന്നു കാണിച്ചപ്പോഴാണ് പിറന്നാള്‍ കേക്കാണെന്ന് തിരിച്ചറിയുന്നത്. അത്യാഹിത വിഭാഗത്തില്‍ വച്ച് തന്നെ കേക്ക് മുറിച്ചു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റു നഴ്സുമാരും ജീവനക്കാരും അഞ്ജുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കയ്യടിച്ചു.

സാധാരണ ഗതിയില്‍ പുറത്തുപോയി പിറന്നാള്‍ ആഘോഷിക്കാറുണ്ട്. എന്നാല്‍, ഇത്തവണ ആഘോഷങ്ങളൊന്നും ഓര്‍ക്കാന്‍ ആര്‍ക്കും നേരമില്ല. ആരോഗ്യപ്രവര്‍ത്തകരാകെ വലിയ സമ്മര്‍ദങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഊര്‍ജ്ജം പകരുന്നതാണ് സഹപ്രവര്‍ത്തകരുടെയും ആശുപത്രി അധികൃതരുടെയും നടപടി. ഇത്തവണത്തെ പിറന്നാള്‍ അതുകൊണ്ടുതന്നെ മറക്കാനാവില്ല- അഞ്ജു പറഞ്ഞു.

colleagues give surprise birthday treat to malayali nurse in gulf

Most Popular