Sunday, September 26, 2021
Home Gulf UAE ദുബയില്‍ ആറ് മില്ല്യന്‍ ദിര്‍ഹമിന്റെ തട്ടിപ്പ് നടത്തിയയാള്‍ വന്ദേഭാരത് വിമാനത്തില്‍ നാട്ടിലേക്കു മുങ്ങി

ദുബയില്‍ ആറ് മില്ല്യന്‍ ദിര്‍ഹമിന്റെ തട്ടിപ്പ് നടത്തിയയാള്‍ വന്ദേഭാരത് വിമാനത്തില്‍ നാട്ടിലേക്കു മുങ്ങി

ദുബയ് സിറ്റി: ആറ് ദശലക്ഷം ദിര്‍ഹമിന്റെ(12 കോടിയോളം രൂപ) തട്ടിപ്പ് നടത്തിയ മുംബൈ സ്വദേശി വന്ദേഭാരത് മിഷന്‍ വിമാനത്തില്‍ നാട്ടിലേക്ക് മുങ്ങി. റോയല്‍ ലക്ക് ഫുഡ് സ്റ്റഫ് ട്രേഡിങ് എന്ന കമ്പനിയുടെ ഉടമ യോഗേഷ് അശോക് യരിയാവയാണ് മെയ് 11ന് അബൂദബിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തില്‍ കടന്നത്. 400ഓളം പേരില്‍ നിന്നാണ് ഇയാള്‍ സാധനങ്ങള്‍ വാങ്ങി വണ്ടിച്ചെക്ക് നല്‍കി പറ്റിച്ചത്.

ഇരകളാക്കപ്പെട്ടവര്‍ ബുധനാഴ്ച്ച ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റിലും തുടര്‍ന്ന് ബര്‍ ദുബയ് പോലിസ് സ്‌റ്റേഷനിലും പരാതി നല്‍കി. പോസ്റ്റ് ഡേറ്റഡ് ചെക്ക് നല്‍കിയാണ് റോയല്‍ ലക്ക് ഫുഡ് സ്റ്റഫ് കമ്പനി മലയാളികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ സാധനങ്ങള്‍ വാങ്ങിയത്.

Dud cheques DUBAI
ബൗണ്‍സായ ചെക്കുകള്‍

എല്ലാവിധത്തിലുള്ള സാധനങ്ങളും ഇയാള്‍ വിവിധ കമ്പനികളില്‍ നിന്നായി വാങ്ങിയിരുന്നു. സ്‌കൈഡെന്റ് മെഡിക്കല്‍ എക്യുപ്‌മെന്റ്, റഹീഖ് ലബോറട്ടറീസ്, ജിഎസ്എ സ്റ്റാര്‍ എന്നിവയില്‍ നിന്ന് അഞ്ച് ലക്ഷം റിയാലിന്റെ ഫേസ്മാസ്‌ക്കുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍, കൈയുറകള്‍ എന്നിവയാണ് വാങ്ങിയത്. അല്‍ ബറക ഫുഡ്‌സില്‍ നിന്ന് അരി, നട്ട്‌സ്(393,000 ദിര്‍ഹം), യെസ് ബൈ ജനറല്‍ ട്രേഡിങില്‍ നിന്ന് ട്യൂണ, പിസ്ത, കുങ്കുമം(300,725 ദിര്‍ഹം), മെധു ജനറല്‍ ട്രേഡിങില്‍ നിന്ന് ഫ്രഞ്ച് ഫ്രൈസ്, മൊസാറില്ല ചീസ്(229,000 ദിര്‍ഹം), അല്‍ അഹ്ദാബ് ജനറല്‍ ട്രേഡിങില്‍ നിന്ന് ഫ്രോസന്‍ ഇന്ത്യന്‍ ബീഫ്(207,000 ദിര്‍ഹം), എമിറേറ്റ്‌സ് സെസാമി ഫാക്ടറിയില്‍ നിന്ന് ഹല്‍വ, തഹിന(52812 ദിര്‍ഹം) തുടങ്ങിയവയാണ് വാങ്ങിയത്. കൂടുതല്‍ ഇരകള്‍ പരാതിയുമായി എത്തിത്തുടങ്ങിയതോടെ പട്ടിക നീളുകയാണ്.

തട്ടിപ്പിന് ഇരകളാക്കപ്പെട്ടവര്‍ ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍

ചെക്കുകള്‍ ബൗണ്‍സായി തുടങ്ങിയതോടെയാണ് വ്യാപാരികള്‍ ബിസിനസ് ബേയിലെ ഓപല്‍ ടവറിലുള്ള റോയല്‍ ലക്കിന്റെ ഓഫിസിലെത്തിയത്. എന്നാല്‍, അത് അടച്ചിട്ടിരിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന 18 ജീവനക്കാരും മുങ്ങിയിരുന്നു. വെയര്‍ഹൗസ് പരിശോധിച്ചപ്പോള്‍ മുഴുവന്‍ കാലിയാക്കിയ നിലയിലായിരുന്നു.

അവര്‍ നല്‍കിയ വിസിറ്റിങ് കാര്‍ഡിലെ നമ്പറില്‍ വിളിച്ചപ്പോള്‍ ആരും ഫോണെടുത്തില്ലെന്ന് 175,875 ദിര്‍ഹം നഷ്ടപ്പെട്ട അജ്മാനിലെ സ്‌കൈഡെന്റ് മെഡിക്കല്‍ എക്യുപ്‌മെന്റ് ഉടമ ചന്ദ്രശേഖരന്‍ ഗണേഷന്‍ പറഞ്ഞു. മെയ് 17ന് ശേഷം കമ്പനി ജീവനക്കാരെ ആരെയും കണ്ടിട്ടില്ലെന്ന് കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന്‍ അറിയിച്ചതായി മറ്റൊരു വ്യാപാരിയായ ആനന്ദ് അസര്‍ പറഞ്ഞു.

Royal Luck Foodstuff Trading's offices in Opal Tower

വാങ്ങിയ സാധനങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് വിപണിയില്‍ വിറ്റഴിച്ചാണ് തട്ടിപ്പുകാര്‍ മുങ്ങിയതെന്നാണ് സൂചന. തങ്ങള്‍ നല്‍കിയതിന്റെ പത്തിലൊന്ന് വിലയ്ക്ക് വിറ്റാലും അവര്‍ക്ക് മില്യന്‍ കണക്കിന് തുക കിട്ടിയിട്ടുണ്ടാവുമെന്ന് ഇരകളില്‍ ഒരാള്‍ പറഞ്ഞു. പ്രധാന പ്രതിയായ യോഗേഷ് അശോക് വരിയാനയ്‌ക്കെതിരേ ഇന്ത്യയിലും യുഎഇയിലും നിയമ നടപടി സ്വീകരിക്കുമെന്ന് ഇരകളുടെ അഭിഭാഷകകനായ സലാം പാപ്പിനിശ്ശേരി അറിയിച്ചു.

മുംബൈ സ്വദേശിയായ യോഗേഷ് വന്‍തുകയുമായി അടിയന്തര ഒഴിപ്പിക്കല്‍ വിമാനത്തിലാണ് നാട്ടിലേക്കു പോയയത്. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ നാട്ടിലേക്കു പോകേണ്ട വിമാനത്തില്‍ ഇങ്ങിനെയൊരു തട്ടിപ്പുകാരന് ഇന്ത്യന്‍ എംബസി സീറ്റ് നല്‍കിയത് അദ്ഭുതകരമാണെന്ന് സലാം പാപ്പിനിശ്ശേരി പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 200ഓളം കമ്പനികളാണ് യുഎഇയില്‍ നിന്ന് സമാനമായ തട്ടിപ്പ് നടത്തി മുങ്ങിയത്. ബില്ല്യന്‍ കണക്കിന് ദിര്‍ഹമിന്റെ നഷ്ടമാണ് ഇതിലൂടെ വ്യാപാരികള്‍ക്കുണ്ടായത്.

Conman escapes UAE on repatriation flight after mega fraud


 

Most Popular