അബൂദബി: യുഎഇ റസിഡന്‍സി പെര്‍മിറ്റ് പിഴയില്ലാതെ പുതുക്കാന്‍ ജൂലൈ 12 മുതല്‍ മൂന്നു മാസത്തെ സമയം അനുവദിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന് വിശദീകരിച്ചു. മൂന്ന് മാസത്തെ ഗ്രേസ് പിരീഡിനു ശേഷം പിഴ ഈടാക്കുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റീസന്‍ഷിപ്പ് വക്താവ് ബ്രിഗേഡിയര്‍ ഖമീസ് അല്‍ കഅബി പറഞ്ഞു. 2020 മാര്‍ച്ച് 1ന് ശേഷം റസിഡന്‍സി പെര്‍മിറ്റ് തീര്‍ന്നവര്‍ക്കാണ് ഇത് ബാധകമാവുക.
രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് യുഎഇയില്‍ എത്തിയാല്‍ വിസ പുതുക്കുന്നതിന് ഒരു മാസം സമയം ലഭിക്കും. രാജ്യത്തുള്ള വിസിറ്റ് വിസ, ടൂറിസ്റ്റ് വിസക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിന് ജൂലൈ 12 മുതല്‍ ഒരു മാസത്തെ സമയം അനുവദിക്കുമെന്ന് ബ്രിഗേഡിയര്‍ അല്‍ കഅബി പറഞ്ഞു.
കാലാവധി കഴിഞ്ഞ ഐഡിയും റസിഡന്‍സി വിസയും പുതുക്കുന്നതിന് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. രാജ്യത്തിന് അകത്തുള്ള സ്വദേശികളും വിദേശികളും എത്രയും പെട്ടെന്ന് ഇത് ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
2020 മാര്‍ച്ചിനും ഏപ്രിലിനും ഇടയില്‍ കാലാവധി അവസാനിച്ചവരുടെ പുതുക്കല്‍ അപേക്ഷ ജൂലൈ 12 മുതല്‍ സ്വീകരിച്ചു തുടങ്ങി. മെയില്‍ കാലാവധി അവസാനിച്ചവരുടെ അപേക്ഷ ആഗസ്ത് 8 മുതല്‍ സ്വീകരിക്കും. ജൂണ്‍ 1നും ജൂലൈ 11നും ഇടയില്‍ കലാവധി അവസാനിച്ചവരുടേത് സ്പതംബര്‍ 10 മുതലാണ് പുതുക്കാനാവുക. ജൂലൈ 12ന് ശേഷം കാലാവധി അവസാനിക്കുന്നവര്‍ക്ക് ഒരു നിശ്ചിത തിയ്യതിയില്ല.
വിസ പുതുക്കുന്നതിനായി ica.gov.ae എന്ന വെബ്സൈറ്റിലെ സ്മാര്‍ട്ട് സര്‍വീസുകള്‍ പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
മാര്‍ച്ച് 1ന് ശേഷം കാലാവധി കഴിഞ്ഞ റസിഡന്‍സി, വിസിറ്റ്, ടൂറിസ്റ്റ് വിസകളുടെ കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കുന്നതായി നേരത്തേ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്ന പശ്ചാത്തലത്തില്‍ ജൂലൈ 12 മുതല്‍ ഈ തീരുമാനം റദ്ദാക്കുകയായിരുന്നു.