Friday, July 30, 2021
Home News കോവിഡ് 19 ; ഇളവുകൾ പ്രഖ്യാപിച്ച് ദുബായ്

കോവിഡ് 19 ; ഇളവുകൾ പ്രഖ്യാപിച്ച് ദുബായ്

കോവിഡ് ഭീതിയൊഴിയുന്ന പശ്ചാത്തലത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് ദുബായ്. റസ്​റ്റാറന്‍റുകളിലെയും കഫെകളിലെയും ഷോപ്പിങ്​ സെന്‍ററുകളിലെയും ഡൈനിങ്, തത്സമയ ആഘോഷ പരിപാടികള്‍ എന്നിവക്ക്​ ഒരു മാസത്തേക്ക്​ അനുമതി നല്‍കി. വിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾക്കാണ് അനുമതി ലഭ്യമാവുക. ഒരു മാസം പരീക്ഷണാടിസ്ഥാനത്തിൽ ഇളവുകൾ നൽകും പിന്നീട് ഇത്​ ദീര്‍ഘിപ്പിച്ചേക്കുമെന്നും അധികൃതര്‍ വ്യക്​തമാക്കി.

പരിപാടികള്‍ അവതരിപ്പിക്കുന്നവരും ജീവനക്കാരും നിര്‍ബന്ധമായും വാക്​സിന്‍ എടുത്തിരിക്കണം. പരിപാടികള്‍ക്ക്​ 70 ശതമാനം ആളുകളെ ​പ്രവേശിപ്പിക്കാം. ഹോട്ടലുകള്‍ പൂര്‍ണമായും തുറന്ന്​ പ്രവര്‍ത്തിക്കാം. എന്നാല്‍, മാസ്​ക്​ ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവയില്‍ വിട്ടുവീഴ്​ച ചെയ്താൽ പിടിവീഴും . വിവാഹ പരിപാടികള്‍ക്ക്​ 100 പേരെ വരെ പ​ങ്കെടുപ്പിക്കാം. എന്നാല്‍, പ​ങ്കെടുക്കുന്നവരും ജീവനക്കാരും വാക്​സിന്‍ സ്വീകരിച്ചവരായിരിക്കണം.

റസ്​റ്റാറന്‍റുകളുടെ ഒരു ടേബ്​ളിന്​ ചുറ്റും പത്ത്​ പേര്‍ക്ക്​ വരെ ഇരിക്കാം. കോഫി ഷോപ്പുകളില്‍ ഒരു ടേബ്​ളില്‍ ആറ്​ പേര്‍ അനുവദിനീയം. ബാറുകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട് . എന്നാല്‍, വാക്​സിനെടുത്തവര്‍ക്ക്​ മാത്രമാണ്​ പ്രവേശനം. കമ്യൂണിറ്റി സ്​പോര്‍ട്​സ്​, സംഗീത മേള, അവാര്‍ഡ്​ ദാന ചടങ്ങുകള്‍ എന്നിവക്കും ഒരു മാസത്തേക്ക്​ അനുമതി നല്‍കി. കായിക പരിപാടികള്‍ക്ക്​ ഗാലറിയുടെ 70 ശതമാനം ശേഷി വരെ കാണികളെ അനുവദിക്കാം. നേരത്തെ ഇത്​ 30 ശതമാനമായിരുന്നു.

ഇന്‍ഡോര്‍ പരിപാടികള്‍ക്ക്‌ പരമാവധി 1500 പേര്‍ക്കും ഔട്ട്​ഡോര്‍ പരിപാടികള്‍ക്ക്‌ 2500 പേര്‍ക്കുമാണ്​ അനുമതി. യു.എ.ഇയില്‍ അഞ്ച്​ മാസത്തിനിടെ ഏറ്റവും കുറവ്​ കോവിഡ്​ ബാധിതര്‍ റിപ്പോര്‍ട്ട്​ ചെയ്​ത പശ്​ചാത്തലത്തിലാണ്​ ഇളവുകള്‍ അനുവദിക്കുന്നത്​. വിവിധ മേഖലകളിൽ അനുവദിക്കുന്ന ഇളവ് ഒട്ടേറെ ഇന്ത്യൻ പ്രവാസികൾക്കും അനുഗ്രഹമാകും.

Most Popular