Sunday, September 26, 2021
Home Gulf UAE ദുബയില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍ ഇളവ്; രാവിലെ 6 മുതല്‍ രാത്രി 11 വരെ സഞ്ചാര...

ദുബയില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍ ഇളവ്; രാവിലെ 6 മുതല്‍ രാത്രി 11 വരെ സഞ്ചാര നിയന്ത്രണമില്ല; വിനോദ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ തുറക്കും

ദുബയ്: ദുബയില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തും. പെരുന്നാള്‍ അവധിക്ക് ശേഷം ജനജീവിതം സാധാരണനിലയിലേക്ക് കൊണ്ടുവരികയാണ് ദുരന്തനിവാരണ ഉന്നതാധികാര സമിതി ലക്ഷ്യമിടുന്നത്.

നാളെ മുതല്‍ ദുബയ് എമിറേറ്റില്‍ രാവിലെ 6 മുതല്‍ രാത്രി 11 വരെ സഞ്ചാരനിയന്ത്രണമുണ്ടാവില്ല. അതേസമയം, യാത്രാവിലക്കില്ലാത്ത സമയങ്ങളിലും പുറത്തിറങ്ങാന്‍ മാസ്‌കും, ഗ്ലൗസും നിര്‍ബന്ധമാണ്. സാമൂഹിക അകലവും കര്‍ശനമായി പാലിക്കണം. ദുബയ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.

വിനോദ കേന്ദ്രങ്ങളും ജിമ്മുകളും ഉള്‍പ്പെടെ തുറക്കും
യുഎഇയിലേക്ക് തിരിച്ചുവരുന്നവര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വേണ്ടി എയര്‍പോര്‍ട്ടുകള്‍ തുറക്കും. റസിഡന്റ് വിസയുള്ളവര്‍ക്കാണ് വരാനാവുക. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിച്ച് ജിമ്മുകളും ഫിറ്റനസ് സെന്ററുകളും സിനിമാ തിയേറ്ററുകളും തുറക്കും. ഇവിടെ തുടര്‍ച്ചയായി അണുനശീകരണം നടത്തണം. ദുബയ് ഐസ് റിങ്, ഡോള്‍ഫിനേറിയം പോലുള്ള വിനോദ കേന്ദ്രങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. റീട്ടെയില്‍ സ്റ്റോറുകളും ഹോള്‍സെയില്‍ ഔട്ട്‌ലെറ്റുകളും പ്രവര്‍ത്തിക്കും.

ഇഎന്‍ടി ക്ലിനിക്കുകള്‍, കുട്ടികളുടെ ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി. ആമിര്‍, തശീല്‍ പോലുള്ള എല്ലാ സര്‍ക്കാര്‍ സേവനങ്ങളും പ്രവര്‍ത്തിക്കും.

മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം
1. എല്ലാ ബിസിനസ് സ്ഥാപനങ്ങളും പുതിയ അണുനശീകരണ സമയക്രമം പാലിക്കണം
2. മുഴുവന്‍ ആളുകളും മുഴുസമയം മാസ്‌ക്ക് ധരിച്ചിരിക്കണം
3. രണ്ട് മീറ്റര്‍ സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കണം
4. രാജ്യത്തെത്തുന്ന മുഴുവന്‍ യാത്രക്കാരും 14 ദിവസം ക്വാറന്റീനില്‍ കഴിയണം
5. 12 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലും ഉള്ളവര്‍ക്കും ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ക്കും ഷോപ്പിങ് സെന്ററുകള്‍, സിനിമാ തിയേറ്ററുകള്‍, ജിമ്മുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ പ്രവേശനമില്ല

COVID-19 restrictions eased in Dubai from May 27, all you need to know


 

Most Popular