ഷാര്‍ജ: ഐപിഎല്‍ 13ാം സീസണിലെ രണ്ടാം മത്സരത്തിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി പറത്തിയ സിക്സര്‍ പതിച്ചത് സ്റ്റേഡിയത്തിനു പുറത്തെ റോഡില്‍. ടോം കറന്റെ പന്തില്‍ ധോണി പറത്തിയ സിക്സര്‍ നടുറോഡില്‍ കുത്തിത്തെറിക്കുന്നതും റോഡില്‍നിന്ന് കിട്ടിയ പന്തുമായി നടന്നുനീങ്ങുന്ന ആരാധകന്റെയും വിഡിയോ വൈറലായി.
മത്സരത്തില്‍ ചെന്നൈ തോല്‍വി ഉറപ്പാക്കിയ ഘട്ടത്തിലാണ് മൂന്നു പടുകൂറ്റന്‍ സിക്സറുകളുമായി ധോണി അവതരിച്ചത്. മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെയും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ രാജസ്ഥാന് ചെന്നൈയ്ക്കു മുന്നില്‍ ഉയര്‍ത്തിയത് 217 റണ്‍സ് വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങില്‍ 19 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് എന്ന നിലയിലായിരുന്നു ചെന്നൈ. അവസാന ഓവറില്‍ വിജയത്തിലേക്ക് വേണ്ടിയിരുന്നത് 38 റണ്‍സ്.
Out of the Stadium 🔥🔥🔥#MSDhoni#CSKvsRR pic.twitter.com/Vumnpak10k
— Amkie (@iam_amrishkumar) September 22, 2020
ഏതാണ്ട് അപ്രാപ്യമായ ഈ ലക്ഷ്യത്തിലേക്ക് ശാന്തമായി ബാറ്റു വീശിത്തുടങ്ങിയ ധോണി 20ാം ഓവറിലെ മൂന്ന്, നാല്, അഞ്ച് പന്തുകളാണ് വരയ്ക്കു പുറത്തേക്ക് പറത്തിയത്. ഇതില്‍ രണ്ടാമത്തെ സിക്സാണ് സ്റ്റേഡിയത്തിനു പുറത്തെ റോഡില്‍ പതിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കാതെയാണ് യുഎഇയില്‍ ഐപിഎല്‍ 13ാം സീസണ് പുരോഗമിക്കുന്നത്.