Saturday, September 18, 2021
Home News Kerala ദുബയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനം സാങ്കേതിക തകരാര്‍ കാരണം 13 മണിക്കൂറിലേറെ വൈകി; സ്ത്രീകളും...

ദുബയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനം സാങ്കേതിക തകരാര്‍ കാരണം 13 മണിക്കൂറിലേറെ വൈകി; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി(Video)

ദുബൈ: ദുബയില്‍ നിന്നു തിരുവനന്തപുരത്തേയ്ക്കു പറക്കേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാര്‍ കാരണം 13 മണിക്കൂറിലേറെ വൈകി. സ്ത്രീകളും കുട്ടികളുമടക്കമുള്ള സന്ദര്‍ശക വീസക്കാരും വീസ റദ്ദാക്കി പോകുന്നവരും വിമാനത്താവളത്തിനകത്ത് തന്നെ കുടുങ്ങി. ബാക്കിയുള്ള യാത്രക്കാര്‍ ഹോട്ടലില്‍ താമസ സൗകര്യം നല്‍കിയിട്ടുണ്ട്.

ഇന്നലെ രാത്രി 8.30നായിരുന്നു ഐഎക്‌സ് 1540 വിമാനം പുറപ്പെടേണ്ടിയിരുന്നത്. കൃത്യസമയത്ത് തന്നെ വിമാനം റണ്‍വേയില്‍ പ്രവേശിച്ചെങ്കിലും സാങ്കേതിക തകരാറ് മൂലം പറക്കാതിരിക്കുകയായിരുന്നു. എയര്‍ കണ്ടീഷണര്‍ പോലും പ്രവര്‍ത്തിക്കാത്ത വിമാനത്തില്‍ മണിക്കൂറുകളോളെ യാത്രക്കാര്‍ കൊടും ചൂടില്‍ കഷ്ടപ്പെടുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. തകരാറ് പരിഹരിച്ച് വീണ്ടും പറക്കാന്‍ ശ്രമിച്ചെങ്കിലും പ്രശ്‌നം തുടര്‍ന്നതിനാല്‍ യാത്രക്കാരെ തിരിച്ചിറക്കുകയായിരുന്നു.

 

ഇന്ന് മുംബൈയില്‍ നിന്നെത്തുന്ന വിമാനം തിരുവനന്തപുരത്തേയ്ക്ക് തിരിച്ചുവിടാനും അതില്‍ ഈ യാത്രക്കാരെ ഉച്ചയോടെ കൊണ്ടുപോകുമെന്നുമാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളതെന്ന് തിരുവനന്തപുരം സ്വദേശി ശ്രാവണ്‍ പറഞ്ഞു. സന്ദര്‍ശക വിസയില്‍ ജോലി തേടിയെത്തി തിരിച്ചുപോകുന്നയാളാണ് ഈ യുവാവ്. വിമാനത്താവളത്തിനകത്ത് ഇരുന്നും നിന്നുമാണ് ഇവരെല്ലാം നേരം വെളുപ്പിച്ചത്.

ഇവിടെ നല്ല തണുപ്പായതിനാല്‍ സ്ത്രീകളും അമ്മൂമ്മ നാട്ടിലേയ്ക്ക് കൊണ്ടുപോകുന്ന എട്ട് മാസം പ്രായമായ കുഞ്ഞു അടക്കം ഏറെ പ്രയാസം നേരിടുകയാണെന്നും അറിയിച്ചു. തങ്ങള്‍ നിസഹായരാണെന്നും അടിയന്തര സഹായം ചെയ്യാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്നും യാത്രക്കാരനായ അനു ആവശ്യപ്പെട്ടു.

Most Popular