Sunday, April 18, 2021
Home Gulf UAE ദുബൈ വിമാനത്താവളത്തില്‍ സ്മാര്‍ട്ട് ഗേറ്റ് സംവിധാനം പുനരാരംഭിച്ചു

ദുബൈ വിമാനത്താവളത്തില്‍ സ്മാര്‍ട്ട് ഗേറ്റ് സംവിധാനം പുനരാരംഭിച്ചു

ദുബൈ: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റ് സേവനം പുനരാരംഭിച്ചു. ടെര്‍മിനല്‍ മൂന്നിലെ ഡിപാര്‍ച്ചര്‍ ഭാഗത്താണ് സ്മാര്‍ട് ഗേറ്റ് സേവനം വീണ്ടും ആരംഭിച്ചത്. യാത്രക്കാര്‍ക്ക് തങ്ങളുടെ പാസ്‌പോര്‍ട്ട് സ്മാര്‍ട്ട് ഗേറ്റുകളില്‍ സ്‌കാന്‍ ചെയ്തു നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് എമിഗ്രഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു.

എമിഗ്രഷന്‍ കൗണ്ടറുകളുടെ മുന്നിലെ നീണ്ട ക്യുവില്‍ കാത്തുനില്‍ക്കാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ യാത്രാ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് സ്മാര്‍ട് ഗേറ്റുകള്‍. യുഎഇയുടെ കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് സ്മാര്‍ട് ഗേറ്റിലുടെയുള്ള സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ഇപ്പോള്‍ ദുബായിലെ യാത്രക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനായി യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ച് യാത്ര സുഗമമാക്കാമെന്ന് അല്‍ മറി പറഞ്ഞു.

മനുഷ്യ സഹായമില്ലാതെ റസിഡന്റ് വിസാ പേജ് സ്മാര്‍ട്ട് ഗേറ്റിലെ സ്‌ക്രീനില്‍ പതിപ്പിച്ചു എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഒപ്പം തന്നെ വിരല്‍ അടയാളവും മുഖവും ബന്ധപ്പെട്ട് സ്‌ക്രീനില്‍ കാണിക്കുകയും വേണം. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുന്‍കരുതല്‍ സ്വീകരിച്ചു കൊണ്ട് ജിഡിആര്‍എഫ്എ യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Most Popular