
നാളെ മുതല്‍ പ്രവാസികള്‍ക്ക് ദുബായിലേക്കു മടങ്ങാം; ടൂറിസ്റ്റുകള്‍ക്ക് അടുത്ത മാസം മുതല്‍ അനുമതി
ദുബയ്: ദുബയ് വിമാനത്താവളത്തിലേക്ക് വരികയും മടങ്ങിപ്പോവുകയും ചെയ്യുന്ന പൗരന്മാര്ക്കും വിദേശികള്‍ക്കുമുള്ള പുതിയ പ്രോട്ടോക്കോള്‍ ദുബയ് പ്രഖ്യാപിച്ചു. ദുബയില്‍ ഇഷ്യു ചെയ്ത റസിഡന്‍സി വിസയുള്ള വിദേശികള്‍ക്ക് നാളെ മുതല്‍ ദുബയിലേക്കു മടങ്ങിവരാം. പൗരന്മാര്ക്കും വിദേശികള്‍ക്കും 23 മുതല്‍ (കോവിഡ് നിയന്ത്രണം നീക്കിയ)ഏത് വിദേശ രാജ്യത്തേക്കും പോകാനും അനുമതിയുണ്ടാവും. ജൂലൈ 7 മുതലാണ് വിദേശ ടൂറിസ്റ്റുകളെ ദുബയിലേക്ക് സ്വീകരിച്ചു തുടങ്ങുകയെന്ന് സുപ്രിം കമ്മിറ്റി അറിയിച്ചു.
ദുബയിലേക്കു മടങ്ങിവരുന്ന പ്രവാസികള്‍
ജിഡിആര്‍എഫ്എ ദുബയിയും എയര്‍ലൈനും തമ്മിലുള്ള അനുമതിയോട് കൂടി ഏത് വിമാനത്തിലും പ്രവാസികള്‍ക്കു മടങ്ങാവുന്നതാണ്. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്നുള്ള ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കണം. ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ യാത്ര നിഷേധിക്കാന്‍ വിമാന കമ്പനിക്ക് അനുമതിയുണ്ടാവും.
ദുബയ് എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ എല്ലാവരും കോവിഡ് ഉണ്ടോ എന്നറിയാനുള്ള കോവിഡ് പരിശോധന നടത്തണം. ടെര്‍മിനല്‍ വിടും മുമ്പ് കോവിഡ്-19 ഡിഎക്സ്ബി ആപ്പില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. കോവിഡ് പരിശോധനാ ഫലം വരും മുമ്പ് താമസസ്ഥലം വിട്ടു പുറത്തുപോവാന്‍ പാടില്ല. പോസിറ്റീവ് ആണെങ്കില്‍ 14 ദിവസം ഹോം ക്വാരന്റീനില്‍ കഴിയണം. ഷെയറിങ് റൂമിലോ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലോ ആണ് താമസമെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഐസൊലേറ്റ് ചെയ്യണം.
Dubai announces new air travel protocols, allows travel abroad and welcomes visitors