Saturday, June 19, 2021
Home Gulf UAE ഉറക്കത്തിനിടെ ഉമ്മയുടെ മുടി കുഞ്ഞിന്റെ കഴുത്തില്‍ കുരുങ്ങി; ഒടുവില്‍ മുടിമുറിച്ച് ജീവന്‍ രക്ഷപ്പെടുത്തി

ഉറക്കത്തിനിടെ ഉമ്മയുടെ മുടി കുഞ്ഞിന്റെ കഴുത്തില്‍ കുരുങ്ങി; ഒടുവില്‍ മുടിമുറിച്ച് ജീവന്‍ രക്ഷപ്പെടുത്തി

ദുബൈ: ഉറക്കത്തിനിടെ അമ്മയുടെ മുടി കഴുത്തില്‍ കുരുങ്ങി ശ്വാസം മുട്ടിയ കുഞ്ഞിനെ മുടി മുറിച്ചു രക്ഷപ്പെടുത്തി. എഴുത്തുകാരനും ദുബയില്‍ ഉദ്യോഗസ്ഥനുമായ അസി(അസീസ്)യുടെയും ഷെഹിയുടെയും മകള്‍ ഒരുവയസ്സുള്ള ഷസയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിനാണ് സംഭവം.

ദുബയ് അല്‍ബദായിലെ വില്ലയില്‍ ഇരുവരുടെയും നടുവില്‍ കിടക്കുകയായിരുന്ന കുഞ്ഞിന്റെ കഴുത്തിലാണ് ഷെഹിയുടെ തലമുടി കുരുങ്ങിയത്. ഉറക്കത്തില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ മുടി കുരുങ്ങുകയായിരുന്നു. കുഞ്ഞിന് എതിരേ കിടന്ന ഷെഹി തിരിയാന്‍ ശ്രമിച്ചപ്പോഴെല്ലാം കുഞ്ഞ് വല്ലാതെ കരഞ്ഞതോടെയാണ് പന്തികേടു തോന്നി ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തിയത്.

മൊബൈലിന്റെ വെട്ടത്തില്‍ കുഞ്ഞിന്റെ കഴുത്തില്‍ മുടി കുരുങ്ങിക്കിടക്കുന്നതാണ് കണ്ടതെന്ന് അസി പറഞ്ഞു. മുടിയുടെ കുരുക്ക് അഴിക്കാന്‍ ശ്രമിച്ചതോടെ കെട്ട് വീണ്ടും മുറുകി. തുടര്‍ന്ന് മുടി മുറിച്ചു കളഞ്ഞ് രക്ഷപ്പെടുത്തുകയായിരുന്നു. ഒന്നു തിരിഞ്ഞാല്‍ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാകുമായിരുന്നുവെന്നും അനങ്ങാതെ കിടന്ന് തന്നെ ഭാര്യ വിളിച്ചുണര്‍ത്തിയതിനാലാണ് രക്ഷിക്കാന്‍ കഴിഞ്ഞതെന്നും അസി പറഞ്ഞു. അപകടം ഈ രൂപത്തിലും വരാമെന്നും അമ്മമാരെല്ലാം ശ്രദ്ധിക്കണമെന്നും അസി പറയുന്നു. തിരൂര്‍ സ്വദേശിയാണ് അസി. പെരുമ്പിലാവ് സ്വദേശിനിയാണ് ഷെഹി.


 

Most Popular